2025ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി

By Staff Reporter, Malabar News
Veena George
Ajwa Travels

തിരുവനന്തപുരം: 2025ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2030ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും.

ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്‌ഥാനത്ത് ലോക എയ്‌ഡ്‌സ്‌ ദിനത്തില്‍ തുടക്കം കുറിക്കുകയാണ്. എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തിയും ഇതിനകം എച്ച്ഐവി അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിൽസയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് മന്ത്രി വ്യക്‌തമാക്കി.

ലോക എയ്‌ഡ്‌സ്‌ ദിനത്തില്‍ സംസ്‌ഥാന ആരോഗ്യ വകുപ്പും എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സംസ്‌ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. എയ്‌ഡ്‌സിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും എച്ച്ഐവി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, ഇതിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്‌ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്‌ഡ്‌സ്‌ ദിന സന്ദേശം.

വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്‌ഡ്‌സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓര്‍മപ്പെടുത്തുന്നു. കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്‌ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്ഐവി അണുബാധ കേരളത്തില്‍ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ.

ഒക്‌ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്‌ഥാനത്ത് എച്ച്ഐവി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. മുതിര്‍ന്നവരിലെ എച്ച്ഐവി അണുവ്യാപന തോത് 0.08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് 0.22 ശതമാനമാണ്. മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്ഐവി അണുവ്യാപന തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്‌തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി വ്യക്‌തമാക്കി.

ലോക എയ്‌ഡ്‌സ്‌ ദിനാചരണം സംസ്‌ഥാനതല ഉൽഘാടനം നാളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. തിരുവനന്തപുരത്ത് ഡബിള്‍ ഡെക്കര്‍ ക്യാംപയിന്‍, റോഡ് ഷോ, എക്‌സിബിഷന്‍ എന്നിവയും ഉണ്ടായിരിക്കും.

Read Also: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല, നാടകങ്ങൾ പ്രോട്ടോകോൾ പാലിച്ച് നടത്താം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE