തിരുവനന്തപുരം: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താവുന്നതാണ്. ഒമൈക്രോൺ ഭീഷണിയെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പൊതുസ്‌ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.
തിയേറ്ററുകളില്‍ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കണം എന്നായിരുന്നു തിയേറ്റർ ഉടമകളുടേയും സിനിമാ മേഖലയിൽ ഉള്ളവരുടേയും ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാൻ ആവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്‌തമാക്കി.
നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50% സീറ്റിങ് കപ്പാസിറ്റിയാണ്. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്‌ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഈ പശ്‌ചാത്തലത്തിലാണ് തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
Most Read: ഒമൈക്രോൺ സാന്നിധ്യം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ കണ്ടെത്താം; കേന്ദ്രം