ന്യൂഡെൽഹി: വിമാന യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നു. കേരളത്തിനും പശ്‌ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതൽ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് നൽകിയ കത്തിൽ ഇദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിന് ശേഷം വിമാന കമ്പനികൾ പൂർണതോതിൽ സർവീസ് നടത്തുന്നില്ല. വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു. ഇതുമൂലമാണ് അമിതമായ യാത്രാക്കൂലി വർധനയ്‌ക്ക് കാരണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വ്യോമയാനമന്ത്രി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇദ്ദേഹം ഉന്നയിച്ചു.
വിമാന കമ്പനികൾ മുഴുവൻ വിമാനങ്ങൾ ഇറക്കി സർവീസ് പുനഃരാരംഭിക്കണം. വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകാൻ തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Read Also: സ്വപ്‌നയ്‌ക്ക് സുരക്ഷ നൽകാൻ കഴിയില്ലെന്ന് ഇഡി കോടതിയിൽ