ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്‌റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യം അനുവദിക്കണം; ഹൈക്കോടതി

By Desk Reporter, Malabar News
Aisha Sultana to appear for questioning; Interim bail should be granted in case of arrest; High Court

കൊച്ചി: ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് പോലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്‌റ്റർ ചെയ്‌ത കവരത്തി പോലീസിന് മുന്നില്‍ ഈ മാസം 20ന് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഈ ദിവസം അറസ്‌റ്റ് ഉണ്ടായാൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്‌കോടതി ഇടക്കാല ജാമ്യം നൽകണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ മാസം 20ആം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഐഷക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

തന്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്‌താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്‍റ്റിന് സാധ്യത ഉണ്ടെന്നും ഐഷ ഹരജിയിൽ പറഞ്ഞിരുന്നു. ബയോവെപ്പൺ എന്നവാക്ക് ഇത്ര വലിയ പ്രശ്‌നം ആണെന്ന് അറിയില്ലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറാണ്. എന്നാൽ കസ്‌റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ല. ആരെയും സ്വാധീനിക്കാൻ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസിൽ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കിൽ എടുക്കണം. പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയിൽ പറഞ്ഞു.

എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ മാത്രമാണ് ഐഷക്ക് നോട്ടീസ് അയച്ചതെന്നാണ് ലക്ഷദ്വീപ് പോലീസ് കോടതിയിൽ വ്യക്‌തമാക്കിയത്‌. കൂടാതെ ചാനൽ ചർച്ചയിലെ പരാമർശത്തിലൂടെ ഐഷ ദ്വീപ് ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്നും, ഇതിലൂടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമായതിനാൽ പ്രതിക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയിൽ പറഞ്ഞു.

ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്‌തു. കേന്ദ്രം ദ്വീപിൽ ബയോവെപ്പൺ ഉപയോഗിച്ചു എന്ന് ആവർത്തിച്ചു പറഞ്ഞു. ലക്ഷദ്വീപിലെ സ്‌കൂൾ വിദ്യാർഥിയിൽ പോലും വിഘടന ചിന്തകൾ ഉണ്ടാവുന്ന പരാമർശം ആണ് ഐഷ നടത്തിയത്. ഐഷ സുൽത്താനയെ അറസ്‌റ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ കൊച്ചിയിൽ നിന്ന് അത് ചെയ്യാമായിരുന്നു. അന്വേഷണവുമായി സഹകരിക്കണം. അറസ്‌റ്റ് വേണോ എന്നത് അപ്പോൾ തീരുമാനിക്കും. പോലീസിന് മറ്റു ലക്ഷ്യം ഒന്നും ഇല്ലാത്തത് കൊണ്ടാണ് 10 ദിവസത്തെ സമയം നൽകി നോട്ടീസ് നൽകിയത്. ജാമ്യ ഹരജിയിൽ പോലും ഐഷ തെറ്റായ വ്യക്‌തിഗത വിവരം നൽകി. ഇത് ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

Most Read:  വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE