സംസ്‌ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കും; ആരോഗ്യവകുപ്പ്

By News Desk, Malabar News
Matriyanam Project
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദ (മദര്‍ & ബേബി ഫ്രണ്ട്‌ലി) ആശുപത്രികളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി കൃത്യമായ മാര്‍ഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. മാതൃ- ശിശു സൗഹൃദ ഹോസ്‌പിറ്റൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ശിശു സൗഹൃദ ആശുപത്രികളെ ശാക്‌തീകരിക്കുകയും സര്‍ട്ടിഫൈ ചെയ്യുകയും ചെയ്യും.

യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്‌ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃ-ശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ അധിഷിഠിതമായ 130 ചെക്ക് പോയിന്റുകള്‍ അടങ്ങിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെക്ക് പോയിന്റുകള്‍ക്ക് അനുസരിച്ച് ആശുപത്രികളെ മാതൃ ശിശു സൗഹൃദ ആശുപത്രിയാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ദേശീയ മുലയൂട്ടല്‍ വാരാചരണവും മാതൃ-ശിശു സൗഹൃദ ആശുപത്രി പദ്ധതിയുടെ സംസ്‌ഥാനതല പ്രഖ്യാപനവും ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ച് വയസില്‍ താഴെയുളള കുട്ടികളുടെ മരണ നിരക്ക് കുറയ്‌ക്കുന്നതിലും ശിശു, നവജാത ശിശു മരണനിരക്ക് കുറയ്‌ക്കുന്നതിലും കേരളം ബഹുദൂരം മുന്നേറിയിട്ടുണ്ട്. എന്നാല്‍ ആദ്യ ഒരു മണിക്കൂറില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുന്ന കാര്യത്തിലും, ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുന്ന കാര്യത്തിലും കേരളം മുന്നോട്ട് പോകേണ്ടതുണ്ട്. വളരെ വിദ്യാഭ്യാസ സമ്പന്നരായ ആള്‍ക്കാരാണ് സമൂഹത്തിലുള്ളത്. അതിനാല്‍ തന്നെ മുലയൂട്ടല്‍ പ്രോൽസാഹിപ്പിക്കുന്നതില്‍ കുടുംബത്തിന്റേയും സമൂഹത്തിന്റേയും പങ്കിനെക്കുറിച്ച് എല്ലാവരും ആലോചിക്കേണ്ടതുണ്ട്.

ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ആരോഗ്യ അതിജീവനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കൂടാതെ അമ്മയും കുഞ്ഞും തമ്മിലുളള ഊഷ്‌മളമായ ബന്ധം സുദൃഢമാക്കാനും സാധിക്കുന്നു. ആദ്യത്തെ 6 മാസം മുലയൂട്ടുക എന്നത് വളരെ പ്രധാനമാണ്.

ആരോഗ്യ വകുപ്പും വനിത ശിശുവികസന വകുപ്പും സഹകരിച്ച് മുലപ്പാലിന്റെ നൻമകൾ കുഞ്ഞുങ്ങളുടെ പോഷണത്തിന് ഉത്തമമാണെന്ന സന്ദേശം തുടര്‍ച്ചയായി പൊതുജനങ്ങളിലേക്കും അമ്മമാരിലേക്കും എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. പൊതുസ്‌ഥലങ്ങളില്‍ അമ്മമാര്‍ക്ക് സ്വകാര്യതയോടുകൂടി മുലയൂട്ടുന്നതിന് പ്രത്യേക സജ്‌ജീകരണങ്ങള്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

എന്‍എച്ച്‌ എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ.രത്തന്‍ ഖേല്‍ക്കര്‍, സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡേ അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ.റംല ബീവി, യൂണിസൈഫ് പ്രതിനിധി കൗശിക് ഗാംഗുലി, ഐഎപി. പ്രസിഡണ്ട് ഡോ.ടിപി ജയരാമന്‍ എന്നിവര്‍ പങ്കെടുത്തു.

Also Read: ആരാധനാലയങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE