തിരുവനന്തപുരം: അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ അമ്മത്തൊട്ടിൽ വഴി ലഭിച്ചതല്ലെന്ന് വ്യക്‌തമാക്കി ശിശുക്ഷേമ സമിതിയിലെ ജീവനക്കാർ. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിക്കുകയായിരുന്നു എന്നും ജീവനക്കാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. 2020 ഒക്‌ടോബർ 22ന് രാത്രി 12.30നാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ലഭിക്കുന്നത്. ഈ ദിവസം അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു.
കത്തിൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല; ഇത് അച്ചടക്ക നടപടി ഭയന്നാണെന്ന് കത്തിൽ ജീവനക്കാർ വ്യക്‌തമാക്കി. ഇതോടെ ഇക്കാര്യങ്ങളെല്ലാം പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമാകും. ശിശുക്ഷേമ സമിതിയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
അമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചെന്ന് പറയുന്നത് കള്ളമാണെന്ന് ജീവനക്കാരുടെ കത്തിൽ പറയുന്നു. അമ്മത്തൊട്ടിൽ 2002ൽ സ്‌ഥാപിച്ച സ്‌ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനാൽ അവിടെ നിന്നും പൊളിച്ചുമാറ്റി സമിതിയുടെ പഴയ കെട്ടിടത്തോട് ചേർന്നാണ് സ്‌ഥാപിച്ചിരുന്നത്. അതിന്റെ സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ അമ്മത്തൊട്ടിൽ പ്രവർത്തന രഹിതമായിരുന്നു. അതിനാലാണ് ഒക്‌ടോബർ ആദ്യവാരം ലഭിച്ച കുഞ്ഞിനെ തൊട്ടിലിന്റെ പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ മുൻകൂർ ഉറപ്പ് കൊടുത്തത് അനുസരിച്ച് അനുപമയുടെ മാതാപിതാക്കളും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഒക്‌ടോബർ 22ന് രാത്രി ആൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ കൊണ്ടുവരികയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിൽ കൊണ്ടുപോയത്. തുടർന്ന്, തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്‌റ്ററിൽ എഴുതിച്ചു. മലാല എന്ന് പേര് നൽകി മാദ്ധ്യമങ്ങളിൽ വാർത്തയും കൊടുത്തു.
പിറ്റേദിവസം മറ്റൊരു കുട്ടിയേയും അമ്മത്തൊട്ടിലിന്റെ വാതിൽക്കൽ നിന്ന് കിട്ടി. ഇതെല്ലം ഷിജു ഖാന്റെ അനുയായിയായ സൂപ്രണ്ടിന് അറിയാമായിരുന്നു എന്നും ജീവനക്കാർ കത്തിൽ വെളിപ്പെടുത്തി. എംഎസ്‌ഡബ്‌ള്യു വിദ്യാഭ്യാസ യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്‌ഷൻ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള സൂപ്രണ്ടിനാണ് നൽകിയിരിക്കുന്നത്. ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റിയത് വിവാദമായപ്പോൾ സൂപ്രണ്ടാണ് തൈക്കാട് ആശുപത്രിയിൽ പോയി രജിസ്‌റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയാക്കി മാറ്റി എഴുതിച്ച് മറ്റൊരു ഒപി ടിക്കറ്റ് വാങ്ങിയത്.
തന്റെ മകളുടെ സമ്മതമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ പിതാവ് ജയചന്ദ്രൻ എത്തിയപ്പോൾ ഭാവിയിൽ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് ഷിജു ഖാൻ പിന്തിരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ, അവരെ പ്രോൽസാഹിപ്പിച്ച് വിവാദമാക്കി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്‌തത്. അനുപമ പിന്നീട് കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയിൽ എത്തിയിട്ടും ആന്ധ്രാ സ്വദേശികൾക്ക് എന്തിന് ദത്ത് നൽകി എന്ന കാര്യവും അന്വേഷിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
മുതിർന്ന ജീവനക്കാർ ഇക്കാര്യം ഷിജു ഖാനെ അറിയിച്ചെങ്കിലും അവരെ സ്‌ഥാനത്ത് നിന്ന് മാറ്റുകയാണ് ഉണ്ടായത്. കുഞ്ഞിന്റെ ഡിഎൻഎ ടെസ്‌റ്റ് നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടും ഒക്‌ടോബർ 23ന് ലഭിച്ച എഡിസൺ പെലെ എന്ന കുട്ടിയുടെ ഡിഎൻഎ നൽകി കബളിപ്പിച്ചതും അന്വേഷണ വിധേയമാക്കണമെന്ന് കത്തിൽ പറയുന്നു. ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായും ആരോപണമുണ്ട്.
Also Read: മേയറുടെ പരാതി; കെ മുരളീധരനെതിരെ പോലീസ് കേസെടുത്തു