തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന് അനൂകൂല നടപടി. ദത്ത് നടപടികൾക്ക് വഞ്ചിയൂർ കുടുംബക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. കേസിൽ തുടർ നടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പോലീസ് അന്വേഷണ റിപ്പോർട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും.
കോടതി നടപടിയിൽ ഒരുപാട് സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. എന്നാലും അമിത പ്രതീക്ഷയില്ല, പ്രതീക്ഷ കൂടുമ്പോഴാണ് നിരാശയുണ്ടാവുകയെന്നും അനുപമ പറഞ്ഞു.
കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം സർക്കാരിന് വേണ്ടി ഗവ. പ്‌ളീഡർ കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും വിഷയത്തിൽ സർക്കാർ നടത്തുന്ന അന്വേഷണത്തെക്കുറിച്ചും അറിയിച്ചു. അന്വേഷണം പൂർത്തിയാകും വരെ ദത്തെടുക്കൽ നടപടികൾ നിർത്തി വെയ്‌ക്കണമെന്ന സർക്കാർ ആവശ്യം കൂടി പരിഗണിച്ചാണ് കോടതി വിധി.
അതേസമയം കോടതിയുടെ തീരുമാനത്തിൽ ദത്തെടുത്ത ദമ്പതികൾക്കോ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിക്കോ (കാര) മേൽക്കോടതിയിൽ എതിർപ്പ് ഉന്നയിക്കാം. കേന്ദ്ര വനിതാ- ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള ‘കാര’യാണ് ഇന്ത്യയിലെ ദത്തു നൽകൽ നോഡൽ ഏജൻസി. ശിശുക്ഷേമ സമിതി ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതു ‘കാര’യുടെ മേൽനോട്ടത്തിലാണ്.
Must Read: ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്