ഇഐഎ വിജ്ഞാപനം സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വിഘാതം

By Desk Reporter, Malabar News
EIA draft 2020_2020 Aug 12
Representational Image
Ajwa Travels

കാനം രാജേന്ദ്രൻ

കേന്ദ്ര വനം — പരിസ്ഥിതി — കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനം സുസ്ഥിര വികസനത്തിന് എതിരാണെന്ന് മാത്രമല്ല 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം നല്കുന്ന അധികാരങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് കൂടി ലക്ഷ്യം വച്ചുള്ളതാണ്. അതുകൊണ്ട് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നടപടികളിൽ വെള്ളം ചേർക്കുന്നതും അധികാര ദുരുപയോഗത്തിന് വഴിവയ്ക്കുന്നതുമായ ഈ വിജ്ഞാപനം ശക്തമായി എതിർക്കപ്പെടേണ്ടതാണ്. രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർ ഇന്റർനെറ്റ് സൗകര്യങ്ങളോ കരട് വിജ്ഞാപനം വായിച്ച് പ്രതികരണം അറിയിക്കാനുള്ള സംവിധാനങ്ങളോ ഉള്ളവരല്ല. അവരിലെ ബഹുഭൂരിപക്ഷവും ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ലഭ്യമായ ഈ വിജ്ഞാപനത്തെകുറിച്ച് അജ്ഞരോ അല്ലെങ്കിൽ അതിന്റെ ഉള്ളടക്കം മനസിലാക്കുന്നതിന് സാധിക്കാത്തവരോ ആണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശമുണ്ടായിട്ടുപോലും ഇന്ത്യൻ പൗരന്മാരുടെ പ്രതികരണങ്ങളും നിർദ്ദേശങ്ങളും തേടിയുള്ള ഈ വിജ്ഞാപനം ഇഐഎ അധികൃതർ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിച്ചില്ലെന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിനാകെ അപമാനകരമാണ്. ഭരണഘടനയുടെ എട്ടാം അനുച്ഛേദത്തിൽപ്പെടുന്ന 22 പ്രാദേശികഭാഷകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് നടപടിയുണ്ടാകണം. കൂടാതെ വ്യാപകമായി പ്രചരിപ്പിക്കുകയും നിർദ്ദേശങ്ങളും വിമർശനങ്ങളും ക്ഷണിക്കുകയും ഫലപ്രദമായ സംവാദത്തിന് വഴിയൊരുക്കുകയും വേണം. വനം, പരിസ്ഥിതി, വായു, ജലം, ഇന്ത്യയിലെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ഭാവി എന്നിവയുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് ഇപ്പോഴത്തെ കരട് വിജ്ഞാപനം.

വൻകിട വ്യവസായങ്ങൾക്കുള്ള ദീർഘകാല പദ്ധതികളോട് അനുഭാവമുള്ള ഘന വ്യവസായ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ തന്നെയാണ് വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ചുമതലയും വഹിക്കുന്നതെന്ന വൈരുദ്ധ്യവും നിലനില്ക്കുന്നുണ്ട്. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ വിട്ടുവീഴ്ചാ മനോഭാവത്തോടെയും വെള്ളം ചേർത്തുമുള്ള വകുപ്പുകളുമായി നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നത് നീതീകരിക്കാനാവില്ല. ഈ കാരണങ്ങൾക്കൊപ്പം തന്നെ പ്രാഥമിക നടപടിയെന്ന നിലയിൽ ഇഐഎ വിജ്ഞാപനത്തിന് താഴെ പറയുന്ന വിയോജിപ്പുകൾ ശ്രദ്ധയിൽ പെടുത്തുകയാണ്.

ഇഐഎ വിജ്ഞാപനത്തിലെ വ്യവസ്ഥകളൊന്നും തന്നെ പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ളവയല്ല. അതുകൊണ്ട് തന്നെ ഈ വിജ്ഞാപനം 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ല. നിലവിലുള്ള മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020 ലെ കരട് ഇ‌ഐ‌എ വിജ്ഞാപനത്തിന്റെ ഭാഗമായ നടപടികളൊന്നും പരിസ്ഥിതിയുടെ സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനുമുള്ള നടപടികളല്ല. പരിസ്ഥിതി സംരക്ഷണത്തിന് വിരുദ്ധമായ ഏത് നടപടിയും ദുരുദ്ദേശ്യപരം തന്നെയാണ്. ഇപ്പോഴത്തെ പരിസ്ഥിതി മാനദണ്ഡങ്ങളിൽ നിരവധി ഒഴിവാക്കലുകളും വെള്ളം ചേർക്കലുകളുമുണ്ട്. ചില പദ്ധതികളും പ്രവർത്തനങ്ങളും ഇഐഎ അധികൃതർ ഏറ്റെടുത്തിരിക്കുകയാണ്.

പരിധികൾ ചുരുക്കിക്കൊണ്ട് ചില പ്രവർത്തനങ്ങൾ ഇഐഎ വിജ്ഞാപനത്തിന് പുറത്താക്കുകയും ചെയ്തിരിക്കുന്നു. ചില പ്രവർത്തനങ്ങളുടെ നിയന്ത്രണം ബി2 എന്ന പട്ടികയിൽപ്പെടുത്തുകയും ഇഐഎ നടപടികളുടെ പരിധിയിൽനിന്ന് മാറ്റുകയും ചെയ്തു. പരിസ്ഥിതിക്ക് വലിയ ആഘാതങ്ങൾ ഉണ്ടാക്കാവുന്ന നിരവധി പദ്ധതികളെയും പ്രവർത്തനങ്ങളെയും പരിസ്ഥിതി ആഘാത നിർണയത്തിൽനിന്നും പൊതു ചർച്ചക്കുള്ള സാധ്യതകളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു. അതുപോലെ പൊതു സംവാദത്തിനുള്ള സമയപരിധി കുറച്ചു. നിലവിലുളള പരിസ്ഥിതി ആഘാത നിർണയ സംവിധാനത്തിൽ വെള്ളം ചേർക്കുന്നത് നിയമവിരുദ്ധവും നീതിരഹിതവും പാർലമെന്റ് നൽകിയിരിക്കുന്ന അധികാരങ്ങൾക്കെതിരുമാണ്. ഇത്തരത്തിൽ നീതിരഹിതമായ എല്ലാ ഘടകങ്ങളും ഒഴിവാക്കേണ്ടതാണ്. കൂടാതെ നിലവിലുളള പരിസ്ഥിതി ആഘാത നിർണയ സംവിധാനത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പഠിക്കുന്നതിനും ഭേദഗതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിർദ്ദേശിക്കുന്നതിനുമായി സ്വതന്ത്ര കാഴ്ചപ്പാടുള്ള, പരിസ്ഥിതി വിദഗ്ധരടങ്ങുന്ന ഒരു സംഘത്തെ ചുമതലപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

2006 നും 2016 നുമിടയിൽ (ഒരു ദശകത്തിനിടയിൽ) വനംപരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച ഏഴ് വിദഗ്ധ സമിതികളുണ്ടായിട്ടുണ്ട്. നിലവിലുള്ള പാരിസ്ഥിതിക അനുമതി നല്കൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നല്കുകയായിരുന്നു ഈ സമിതികളുടെ ചുമതല. ഇത്തരം വിദഗ്ധ സമിതികളുടെ എല്ലാ നിർദ്ദേശങ്ങളും ഇഐഎ വിജ്ഞാപനം പൂർണമായും അവഗണിച്ചിരിക്കുകയാണ്. അസാധാരണമായ മഴയെതുടർന്ന് രൂക്ഷമായ വെള്ളപ്പൊക്കത്തെയാണ് 2018 ൽ നമ്മുടെ സംസ്ഥാനം നേരിടേണ്ടിവന്നത്. ഇപ്പോൾ നമ്മുടെ ഭൂമി കാലാവസ്ഥാ വ്യതിയാനത്തിന്റെയും കോവിഡിന്റെയും ദുർഘടം പിടിച്ച നാളുകളിലൂടെയാണ് കടന്നുപോകുന്നത്.

പരിസ്ഥിതി വിനാശവും ആവാസ വ്യവസ്ഥയ്ക്കുണ്ടായ അപകടങ്ങളുമാണ് ഇതിന് മുഖ്യകാരണമായിട്ടുള്ളത്. ഇതിന്റെ ഫലമായി മനുഷ്യരാശിയും സമ്പദ്ഘടനയാകെയും ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ കരട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഭൂരിഭാഗം മാറ്റങ്ങളും നിലവിലുള്ള വ്യവസ്ഥകളെ ദുർബ്ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് നമ്മുടെ പ്രകൃതിക്കു നാശമുണ്ടായതെന്നത് സംബന്ധിച്ച ശാസ്ത്രീയമായ ഒരു പഠനവും 2006 ന് ശേഷം ഉണ്ടായിട്ടില്ല. സുപ്രീം കോടതി ഉൾപ്പെടെയുള്ള വിവിധ കോടതികളിൽനിന്നും ദേശീയ ഹരിത ട്രൈബ്യൂണലിൽനിന്നും ഉൾപ്പെടെ ഉണ്ടായ വിധികളൊന്നും തന്നെ വിശ്വാസത്തിലെടുക്കാതെയാണ് ഈ കരട് വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.

ഈ വിജ്ഞാപനത്തിൽ നഗരങ്ങളിൽ ഉൾപ്പെടെയുള്ള പ്രളയദുരന്തവും മൺസൂൺഘടനയിൽവന്ന മാറ്റവും കാലാവസ്ഥാവ്യതിയാനം, വിവിധ കാർഷിക കാലാവസ്ഥാ സാഹചര്യങ്ങളിൽ ജൈവ വൈവിധ്യത്തിന്റെ ഘടനയെകുറിച്ചുള്ള ശാസ്ത്രീയമായ അറിവ് എന്നിവയും ഉൾക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയുടെ അന്താരാഷ്ട്ര കാലാവസ്ഥാ പ്രതിബദ്ധതയോടുള്ള ആവശ്യകതയും ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഈ കരട് വിജ്ഞാപനം 48 എ പോലുള്ള ഭരണഘടനാ തത്വങ്ങൾക്ക് എതിരുമാണ്. ഇഐഎ 2020 വിജ്ഞാപനം മുന്നൊരുക്ക നടപടികൾ, മലിനീകരണ — പിഴയീടാക്കൽ രീതി, സുസ്ഥിര വികസനം, ജൈവ വ്യവസ്ഥയുടെ പാരസ്പര്യം എന്നിങ്ങനെയുള്ള പാരിസ്ഥിതിക തത്വങ്ങൾക്ക് മൊത്തത്തിൽ എതിരാണ്.

ഓരോ ഭാഗത്തിന്റെയും നീതിരാഹിത്യത്തെക്കുറിച്ച് വിശദീകരിക്കാതെ ഈ കരട് വിജ്ഞാപനം പൂർണമായും പിൻവലിക്കുകയും പുതിയ കരട് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കുകയാണ്. സുപ്രീം കോടതിയുടെ പല ഉത്തരവുകളും മന്ത്രാലയം ലംഘിച്ചിരിക്കുകയാണ്. ദേശീയ തലത്തിലുള്ള നിയന്ത്രണ സംവിധാനത്തിന്റെ ആവശ്യകതയെകുറിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതി ഊന്നിപ്പറഞ്ഞിരുന്നതാണ്. അതെന്തായാലും കരട് വിജ്ഞാപനം സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചിട്ടില്ല. പാരിസ്ഥിതിക അനുമതിക്ക് മുൻകാല പ്രാബല്യം നൽകുന്നതിലൂടെ ഈ വിജ്ഞാപനം ഒരുഘട്ടത്തിൽ നിയമ വിരുദ്ധമായിരുന്നതിന് നിയമസാധുത നല്കുകയാണ് ചെയ്യുന്നത്. മൊത്തത്തിൽ ഇഐഎ 2020 വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സ്വേച്ഛാപരമായ നടപടിയും അധികാര ദുർവിനിയോഗവുമാണെന്നതിനാൽ കരട് പൂർണമായും പിൻവലിക്കണം. മന്ത്രാലയത്തിന്റെ ഭരണഘടനാ ചുമതലകളും സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഉയർന്ന ആവശ്യകതയും ഉൾക്കൊണ്ട് പുതിയ കരട് വിജ്ഞാപനം തയ്യാറാക്കണം. ഇതുമായിബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് വരെ കാത്തിരിക്കുകയും പാർലമെന്റിൽ ചർച്ച നടത്തുകയുമെന്നുള്ള കുറഞ്ഞ മര്യാദയെങ്കിലും മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം.

ഇഐഎ കരട് വിജ്ഞാപനം ഇപ്പോൾ പിൻവലിക്കുകയും വിപുലമായ പൊതുജനാഭിപ്രായം തേടുകയും പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുകയും ചെയ്തശേഷം ശരിയായ പരിസ്ഥിതി ആഘാത നിർണയത്തിനുള്ള ഭാവി നടപടികൾ പാർലമെന്റ് ചർച്ചചെയ്യുകയും വേണം. ഡൽഹി നിർഭയ സംഭവമുണ്ടായതിന് ശേഷം വനിതാ സംരക്ഷണത്തിനായുള്ള നിയമ നിർമ്മാണത്തെക്കുറിച്ച് നിർദ്ദേശിക്കാൻ ജസ്റ്റിസ് വർമ്മ കമ്മിറ്റിയെ നിയോഗിച്ചതിന് സമാനമായി മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധർ അടങ്ങുന്ന സംഘത്തെ നിയോഗിച്ച്, ഗുണകരമായ നിർദ്ദേശങ്ങൾ ലഭ്യമാക്കിയ ശേഷമാവണം പരിസ്ഥിതി സംരക്ഷണ വിഷയത്തിലും ഇഐഎ അധികാരത്തെ കുറിച്ചുമുള്ള സമഗ്രമായ നിയമപരിഷ്കരണം നടപ്പിലാക്കേണ്ടത്.

അവശേഷിക്കുന്ന വനങ്ങൾ, തടാകങ്ങൾ, നദികൾ, ശുദ്ധജല സ്രോതസ്സുകൾ, പുൽമേടുകൾ, പർവതങ്ങൾ, വന്യജീവികളും അവയുടെ ആവാസവ്യവസ്ഥകളും, പാരിസ്ഥിതിക ദുർബ്ബല പ്രദേശങ്ങൾ, ജൈവവൈവിധ്യം എന്നിവയെ അമിത ചൂഷണത്തിൽ നിന്നും ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കാനാകണം. ഇവയെല്ലാം സംരക്ഷിച്ചുനിർത്തേണ്ടത് ഭാവിതലമുറകൾക്കു കൂടി ആവശ്യമാണ്. വിഭവങ്ങളുടെ ശാസ്ത്രീയവും ബുദ്ധിപരവുമായ ഉപയോഗത്തിനായി ഇഐഎ നടപടികൾ ഉറപ്പാക്കുന്നതിനായി നമുക്ക് പ്രത്യേകമായൊരു ചട്ടം ആവശ്യമാണ്. അതുകൊണ്ട് മേല്പറഞ്ഞ കാരണങ്ങൾ കണക്കിലെടുക്കാനും കരട് വിജ്ഞാപനം മൊത്തത്തിൽ പിൻവലിക്കാനും ശുപാർശ ചെയ്യണം. കൂടാതെ ഇഐഎ അധികാരത്തെ സംബന്ധിച്ച് വിപുലമായ ചർച്ചയ്ക്കു അവസരമൊരുക്കുകയും വിദഗ്ധാഭിപ്രായം പരിഗണിക്കുകയും ചെയ്യണം.

(ഇഐഎ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, വനം പരിസ്ഥിതിമന്ത്രി എന്നിവർക്ക് നല്കിയ കത്തിന്റെ പൂർണരൂപം)

കടപ്പാട്: ജനയു​ഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE