തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. നേമം നിലനിര്‍ത്തി മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ജയിക്കുമെന്നും സുരേന്ദ്രന്‍ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ ഇടതു ഭരണത്തുടര്‍ച്ച ഉണ്ടാകില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണ് ഉണ്ടാവുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കുന്ന പശ്‌ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രസ്‌താവന.
അതേസമയം, കൊടകര ഹവാല കേസിലെ സത്യാവസ്‌ഥ അന്വേഷണത്തിൽ വ്യക്‌തമാകട്ടെയെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് അല്ല അതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിക്കുന്നത് 20% വോട്ടാണ്. ശക്‌തമായ ത്രികോണ മൽസരം കാഴ്‌ചവച്ച 23 മുതല്‍ 25 വരെയുള്ള മണ്ഡലങ്ങളില്‍ പകുതിയിലെങ്കിലും ഇടങ്ങളിൽ പാർട്ടി രണ്ടാം സ്‌ഥാനത്ത് എത്തിയാല്‍ എന്‍ഡിഎ ക്യാമ്പില്‍ ആഘോഷത്തിനുള്ള വകയുണ്ടാകും. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി സംഭവിച്ചാൽ കടുത്ത പ്രതിസന്ധിയിലേക്കും പൊട്ടിത്തെറിയിലേക്കും ബിജെപി ക്യാമ്പ് നീങ്ങും.
Also Read: സംസ്‌ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം; ഒരാഴ്‌ച തുടരും