അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫിസുകൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും നേരെ ആക്രമണം. സംസ്‌ഥാന തലസ്‌ഥാനമായ അഗർത്തലയിൽ സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസിന് മുന്നിൽ നിർത്തിയിട്ട വാഹനം തീവച്ചു നശിപ്പിച്ചു. ത്രിപുരയിലെ ബിഷാൽഗഡിലുള്ള സിപിഎം ഓഫിസും അക്രമികൾ അഗ്‌നിക്കിരയാക്കി. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.
അതേസമയം, ബിജെപിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ത്രിപുരയിൽ ബിജെപി പ്രവർത്തകർ സ്‌റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയി ആരോപിച്ചു.
ഒരു പ്രാദേശിക പത്രത്തിന്റെ ഓഫിസിന് നേരെയും ആക്രമണം ഉണ്ടായി. പത്രത്തിന്റെ എഡിറ്ററുടെ വാഹനം നശിപ്പിക്കുകയും മാദ്ധ്യമ പ്രവർത്തകരുടെ മോട്ടോർ ബൈക്കുകൾ അഗ്‌നിക്കിരയാക്കുകയും ചെയ്‌തു. ആക്രമണത്തിൽ മൂന്ന് മാദ്ധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം മുഖപത്രമായ ‘ഡെയ്‌ലി ദേശർ കാത’യുടെ ഓഫിസിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.
ആക്രമണങ്ങൾ നടക്കുമ്പോൾ പോലീസും അർധസൈനിക വിഭാഗവും വെറും കാഴ്‌ചക്കാരായി നിന്നുവെന്ന് സിപിഎം ആരോപിച്ചു. മുതിർന്ന നേതാക്കൾ വാർത്താ സമ്മേളനത്തിൽ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും പാർടി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ത്രിപുര ജേണലിസ്‌റ്റ് യൂണിയൻ പത്രപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു.
Most Read: സർക്കാറുമായുള്ള ചർച്ച പരാജയം; ഹരിയാനയിൽ ഉപരോധം തുടരുമെന്ന് കർഷകർ