കണ്ണൂർ: സഹകരണ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപം നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പലരും ഉള്ളത്. ഇത് മനഃപൂർവം ചിലർ ഉണ്ടാക്കിയെടുത്ത തെറ്റിദ്ധാരണയാണ്. സഹകരണ മേഖലയിൽ പണം നിക്ഷേപിച്ച ഒരാൾക്ക് പോലും ചില്ലിക്കാശ് നഷ്‌ടമാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ മാവിലായി ഈസ്‌റ്റ് ലോക്കൽ കമ്മിറ്റി ഉൽഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
”സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്. കേരളത്തിന്റെ അഭിവൃദ്ധി സഹകരണ മേഖലയാണെന് കണ്ടാണ് ഇവരുടെ നീക്കം. എന്നാൽ, സഹകരണ മേഖലയെ തകർക്കാമെന്ന് ആരും കരുതണ്ട. മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾ കേരളത്തിലെ നിക്ഷേപം പുറത്തേക്ക് വലിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മോഹന വാഗ്‌ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ശ്രമിക്കണം”- മുഖ്യമന്ത്രി പറഞ്ഞു.
നോട്ടുനിരോധന കാലത്ത് സഹകരണ മേഖലയിലേത് കള്ളപ്പണമെന്ന് പ്രചരിച്ചു. വികസന കാര്യത്തിൽ ഒപ്പം നിൽക്കാത്ത കോൺഗ്രസ്, ബിജെപിയുമായി ധാരണയിലാണെന്നും വർഗീയതയെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ സഹകരണ മേഖല ശക്‌തമാണെന്നും, സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നവംബർ ഒന്ന് മുതൽ ഏഴ് വരെ ‘കേരളീയം’ എന്ന പേരിൽ തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഈ പരിപാടിക്ക് എത്തും. കേരളത്തിന്റെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് അഞ്ചു ദിവസങ്ങളിൽ സെമിനാർ നടത്തും. ഇതിൽ നിന്നും ആരെയും മാറ്റി നിർത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ, പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇത് ധൂർത്താണെന്നാണ് അവരുടെ വാദം. നാടിന്റെ പുരോഗതിക്ക് വേണ്ടി നടത്തുന്ന പരിപാടി എങ്ങനെ ധൂർത്താകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Most Read| കാവേരി നദീജല തർക്കം; പ്രതിഷേധം ശക്‌തം- ബെംഗളൂരുവിൽ 26ന് ബന്ദ്