തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. തൈക്കാട് ആശുപത്രിയിലാണ് വിൽപ്പന നടന്നത്. തിരുവല്ലം സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. പോലീസ് കണ്ടെടുത്ത കുട്ടി സിഡബ്‌ള്യൂസിയുടെ സംരക്ഷണയിലാണ്. വിൽപ്പന നടത്തിയവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രസവം കഴിഞ്ഞു വീട്ടിലേക്ക് പോകും മുൻപേ തന്നെ ആശുപത്രിയിൽ വെച്ച് വിൽപ്പന നടത്തുകയായിരുന്നു. അതേസമയം, മക്കൾ ഇല്ലാത്തതിനാൽ വളർത്താൻ ആണ് കുട്ടിയെ വാങ്ങിയതെന്ന് തിരുവല്ല സ്വദേശിനി പോലീസിന് മൊഴി നൽകി. സൗഹൃദത്തിന്റെ പേരിലാണ് ഇത് ചെയ്‌തത്. കുഞ്ഞിനായി മാതാപിതാക്കൾക്ക് മൂന്ന് ലക്ഷം നൽകി. പണം ആവശ്യപ്പെട്ടത് യുവതിയുടെ ഭർത്താവാണ്. ഉള്ളൂരിൽ താമസിച്ചിരുന്ന ദമ്പതികളാണ് കുട്ടിയുടെ മാതാപിതാക്കളെന്നും തിരുവല്ല സ്വദേശിനി പറഞ്ഞു.
തമ്പാനൂരിലെ ചൈൽഡ് ലൈനിന് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെടുത്തതും സിഡബ്‌ള്യൂസിയുടെ സംരക്ഷണയിൽ ആക്കിയതും. കേസെടുത്ത തമ്പാനൂർ പോലീസ് ഇരുകൂട്ടരെയും ചോദ്യം ചെയ്‌ത ശേഷം തുടർ നടപടി സ്വീകരിക്കും. വിഷയത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട് തേടിയിട്ടുണ്ട്.
Most Read: റിലയൻസ് ഇൻഷുറൻസ് പദ്ധതി വെളിപ്പെടുത്തൽ; സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും