താമരശേരി: ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം. ഇന്ന് പുലച്ചെ ഒരു മണിയോടെയാണ് ആറാം വളവിൽ വീതി കുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. തുടർന്ന് 5.45ഓടെയാണ് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്.
ചുരം വഴി ഇന്ന് യാത്ര ചെയ്യുന്നവർ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണങ്ങളും കൈയിൽ കരുതണമെന്നും, വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകി. നിലവിൽ നീണ്ടനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങളെ ഒരുഭാഗത്ത് കൂടി കഷ്‌ടിച്ചു കടത്തിവിടുന്നുണ്ട്. ലോറിയുടെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
മെക്കാനിക്കുകൾ എത്തിയിട്ടുണ്ടെങ്കിലും തകരാറായ ഭാഗം മാറ്റിവെച്ചു ലോറി നീക്കണമെങ്കിൽ ഏറെ സമയമെടുക്കും. ലൈൻ ട്രാഫിക് കർശനമായി പാലിക്കണം. നിര തെറ്റിച്ചുള്ള ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ചുരത്തിൽ വെച്ചുതന്നെ നടപടിയുണ്ടാകും. താമരശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ഗതാഗതക്കുരുക്ക് നീക്കാൻ ശ്രമം നടത്തുന്നുണ്ട്.
Most Read| തമിഴ്‌നാട്ടിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല; നിർമല സീതാരാമൻ