ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് ഓസ്‌ട്രേലിയ അനുമതി നൽകിയത്. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ച ശേഷം ഓസ്‌ട്രേലിയയിൽ എത്തുന്ന ആളുകൾക്ക് ഇനി മുതൽ ക്വാറന്റെയ്ൻ ഉണ്ടായിരിക്കില്ല.
കൊവാക്‌സിന് അംഗീകാരം നൽകിയതോടെ ഇത് ഓസ്‌ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർഥികൾക്കും, ജോലിക്കാർക്കും ഗുണം ചെയ്യും. ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിനൊപ്പം തന്നെ ചൈനയുടെ സിനോഫാം നിർമിച്ച വാക്‌സിനും ഓസ്ട്രേലിയ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ച കോവിഷീൽഡ്, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകൾക്കാണ് നേരത്തെ ഓസ്‌ട്രേലിയയിൽ അംഗീകാരം ഉണ്ടായിരുന്നത്.
കൊവാക്‌സിൻ സ്വീകരിച്ച 12 വയസിന് മുകളിൽ പ്രായമുള്ളവർക്കും, സിനോഫാം വാക്‌സിൻ സ്വീകരിച്ച 18 മുതൽ 60 വയസ് വരെ പ്രായമുള്ളവർക്കുമാണ് ക്വാറന്റെയ്ൻ അടക്കമുള്ള നിയന്ത്രണങ്ങളിൽ ഓസ്ട്രേലിയ ഇളവ് നൽകിയത്.
Read also: ഹജ്‌ജ് തീർഥാടന നടപടികൾക്ക് തുടക്കം; ഇന്ന് മുതൽ അപേക്ഷിക്കാം