തിരുവനന്തപുരം: ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥയിലെ ചില ഭാഗങ്ങൾ പുറത്തായതിൽ വെട്ടിലായി സിപിഎം. ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം തേടാനാണ് സിപിഎമ്മിന്റെ തീരുമാനം. നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്‌തേക്കും.
അതിനിടെ, ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തി എൽഡിഎഫ് സ്‌ഥാനാർഥി പി സരിനായി പ്രചാരണം നടത്തി. ജയരാജന്റെ ആത്‌മകഥയിൽ സരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം. പുസ്‌തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ജയരാജൻ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.
തന്റെ ആത്‌മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പരാതിയിൽ പറയുന്നു. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവന്ന ആത്‌മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. സിപിഎമ്മിനെ രാഷ്‌ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇപി ജയരാജന്റെ ആത്‌മകഥ. ഉപതിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിയെ തള്ളിപ്പറയുന്നതും ജാവ്‌ദേക്കർ കൂടിക്കാഴ്‌ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്.
ആറ് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ രാഷ്‌ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഇപി ജയരാജന്റെ ആത്‌മകഥ സാധാരണ നിലയിൽ സിപിഎമ്മിന്റെ രാഷ്‌ട്രീയ ചരിത്രമായി കൂടി മാറേണ്ടതാണ്. എന്നാൽ, ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്‌മകഥ പാർട്ടിയെ പലവിധത്തിൽ വെട്ടിലാക്കുന്നതായി മാറി.
രാഷ്‌ട്രീയം തന്നെയാണ് അതിൽ പ്രധാനം. കോൺഗ്രസിൽ വിമത ശബ്‌ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്‌ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് മറ്റാരുമല്ല. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ തന്നെ. 20ന് നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിഷയം വൻതോതിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി