ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ മുഖ്യമന്ത്രിയാകേണ്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെ ‘ബാക്ക് ബെഞ്ച’റായി മാറിയെന്ന രാഹുലിന്റെ പരിഹാസത്തിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ. താൻ കോൺഗ്രസിനൊപ്പം നിന്നപ്പോഴാണ് രാഹുൽ ഇത്തരത്തിൽ ആശങ്കപ്പെട്ടതെങ്കിൽ സാഹചര്യം മറ്റൊന്നാകുമായിരുന്നു എന്ന് സിന്ധ്യ തിരിച്ചടിച്ചു. രാഹുലിന്റെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം സിന്ധ്യ ബിജെപിയിൽ ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ഇനി മുഖ്യമന്ത്രിയാകണമെങ്കിൽ അദ്ദേഹം കോൺഗ്രസിൽ തിരിച്ചെത്തേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസ് യുവജന വിഭാഗം യോഗത്തിനിടെ ആയിരുന്നു രാഹുലിന്റെ പരാമർശം.
സിന്ധ്യ കോൺഗ്രസിൽ തന്നെ തുടർന്നിരുന്നെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാലിപ്പോൾ അദ്ദേഹം ബിജെപിയിലെ ബാക്ക് ബെഞ്ചറായി മാറി. കോൺഗ്രസിനൊപ്പം പ്രവർത്തിച്ച് സംഘടന ശക്‌തിപ്പെടുത്താനുള്ള അവസരം സിന്ധ്യക്കുണ്ടായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് സിന്ധ്യയോട് താൻ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു; രാഹുൽ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്. 19 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ആയിരുന്നു സിന്ധ്യയുടെ കൊഴിഞ്ഞുപോക്ക്. തുടർന്ന് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ താഴെവീഴുകയും ബിജെപി അധികാരം നേടുകയും ചെയ്‌തിരുന്നു.
Read Also: സീറ്റ് തർക്കം; നടൻ വിജയ് കാന്തിന്റെ പാർട്ടി എൻഡിഎ സഖ്യം വിട്ടു