കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സുപ്രീം കോടതിയിൽ തിരിച്ചടി. മഞ്‌ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ചു ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ഇത് തള്ളിയ കോടതി സാക്ഷി വിസ്‌താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു.
പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച എല്ലാ സാക്ഷികളുടെയും വിസ്‌താരം തുടരാം. എന്നാൽ വിസ്‌താരം അടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, വിചാരണ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ക്രോസ് വിസ്‌താരം വൈകിക്കുന്നത് പ്രതിഭാഗമാണെന്നും സംസ്‌ഥാനം കോടതിയെ അറിയിച്ചു.
എന്നാൽ, വിചാരണ വൈകിക്കുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് മാർച്ച് 24ലേക്ക് മാറ്റി. വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകി. ജസ്‌റ്റിസ് ജെകെ മഹേശ്വരി ജസ്‌റ്റിസ് സഞ്‌ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയ്‌സ് ക്ളിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്‌ദം തിരിച്ചറിയുന്നതിനാണ് മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. വോയ്‌സ് ക്ളിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട് വിചാരണ കോടതിയുടെ പരിഗണനയിലാണ്.
Most Read: ‘സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ല’; ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല- എംവി ഗോവിന്ദൻ