ബെംഗളൂരു: കർണാടക തലസ്‌ഥാനമായ ബെംഗളൂരുവിലെ ഗോഡൗണിൽ സ്‍ഫോടനം. മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ന്യൂ തരഗുപേട്ട് മേഖലയിലാണ് വ്യാഴാഴ്‌ച സ്‍ഫോടനം ഉണ്ടായത്. പഞ്ചർ കടയുടെ തൊട്ടടുത്തുള്ള ട്രാൻസ്‌പോർട് ഗോഡൗണിലാണ് സ്‍ഫോടനം നടന്നതെന്ന് ബെംഗളൂരു സൗത്ത് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഹരീഷ് പാണ്ഡെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗോഡൗണിൽ ഉണ്ടായിരുന്ന രാസവസ്‌തു ആണ് സ്‍ഫോടനത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹം പറഞ്ഞു. “കമ്പനി പടക്കങ്ങൾ കയറ്റി അയക്കുന്നതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇത് പ്രാഥമിക വിവരം മാത്രമാണ്, അക്കാര്യം പരിശോധിക്കേണ്ടതുണ്ട്. ഏകദേശം 80ഓളം പെട്ടികൾ (സ്‍ഫോടക വസ്‌തുക്കൾ) ഇവിടെ സൂക്ഷിച്ചിട്ടുണ്ട്, എത്ര എണ്ണം പൊട്ടിത്തെറിച്ചുവെന്ന് പരിശോധനക്ക് ശേഷമേ വ്യക്‌തമാകൂ,”- പാണ്ഡെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പഞ്ചർ കടയിലെ രണ്ടുപേരുൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇരകളെ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്‌തമാക്കി. സ്‍ഫോടക വസ്‌തുവടങ്ങിയ പെട്ടികൾ കൈകാര്യം ചെയ്‌തപ്പോൾ ഉണ്ടായ പാകപ്പിഴയാണ് സ്‍ഫോടനം ഉണ്ടാവാൻ കാരണം എന്നാണ് തോന്നുന്നത്. ഫോറൻസിക് പരിശോധനക്ക് ശേഷം കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ട്രാൻസിറ്റ് ഗോഡൗണായി ഉപയോഗിച്ചിരുന്ന ഗോഡൗൺ ഒരു ട്രാൻസ്‌പോർട് കമ്പനിയുടേതാണെന്ന് ഡിസിപി പറഞ്ഞു. ഒരു ട്രാൻസിറ്റ് ഗോഡൗണിൽ പടക്കങ്ങൾ പോലുള്ള സ്‍ഫോടക വസ്‌തുക്കൾ സൂക്ഷിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കോവിഡ്; ആത്‌മഹത്യ ചെയ്‌തവരുടെ കുടുംബത്തിനും നഷ്‌ട പരിഹാരമെന്ന് കേന്ദ്രം




































