വയനാട്: ബത്തേരിയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പാക്കേജ് അവതരിപ്പിച്ച് കെഎസ്ആർടിസി. രാത്രി 8.45ന് ബത്തേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒറ്റ ദിവസം കൊണ്ട് മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിച്ച് തിരികെയെത്താം. 506 രൂപയാണ് ടിക്കറ്റ് നിരക്ക്. ദിവസവും രാത്രി 8.45ന് ബത്തേരിയിൽ നിന്ന് പുഷ്ബാക്ക് സീറ്റുകളോടെയുള്ള മൂന്നാർ സൂപ്പർ എക്‌സ്‌പ്രസാണ് സർവീസ് നടത്തുക.
രാത്രി 8.45ന് ബത്തേരിയിൽ നിന്ന് എടുക്കുന്ന ബസ് പിറ്റേന്ന് പുലർച്ചെ 6.30ന് ആണ് മൂന്നാറിൽ എത്തുക. മൂന്നാറിൽ പ്രത്യേക സൈറ്റ് സീയിങ് സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചതോടെയാണ് ട്രിപ്പുകൾ ആരംഭിച്ചിരിക്കുന്നത്. കെഎഫ്‌ഡിസി ഫ്‌ളവർ ഗാർഡൻ, ടീ പ്ളാന്റേഷൻ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ബോട്ടിങ്, മാട്ടുപ്പെട്ടി ടീ ഫാക്‌ടറി, ഷൂട്ടിംഗ് പോയിന്റ്, കുണ്ടള തടാകം, ടോപ് സ്‌റ്റേഷൻ എന്നിവിടങ്ങളിലാണ് മൂന്നാറിലെ സൈറ്റ് സീയിങ് ട്രിപ്പിലുള്ളത്.
വൈകിട്ട് 7.30ന് ആണ് മൂന്നാറിൽ നിന്ന് തിരിച്ച് ബത്തേരിയിലേക്ക് സർവീസ് ഉള്ളത്. പുലർച്ചെ 5.20ന് ബത്തേരിയിലെത്തും. വയനാടിന് പുറമെ കോഴിക്കോടിൽ നിന്നുള്ള സഞ്ചാരികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
Most Read: കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയെ നിയോഗിച്ചു