കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയം ഉണ്ടെന്ന് കാണിച്ച് ചെന്നൈ ഐഐടി സ്‌ട്രക്‌ചറൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രഫ. അളകസുന്ദര മൂർത്തി റിപ്പോർട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട് വിശദമായി പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിച്ചത്.
ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ് ഹരികുമാർ, ഐഐടി ഖൊരഗ്‌പൂർ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി നിർജർ ധങ്, കോഴിക്കോട് എൻഐടി സ്‌ട്രക്‌ചറൽ എൻജിനിയറിങ് വിഭാഗം സീനിയർ പ്രഫ. ടിഎം മാധവൻ പിള്ള, പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്‌സ് ചീഫ് എൻജിനിയർ എൽ ബീന, തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പ്രഫ. കെആർ ബിന്ദു എന്നിവർ അടങ്ങുന്ന വിദഗ്‌ധ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
പരിശോധനയ്‌ക്കായി ഉന്നതതല സമിതിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിറക്കി. വിദഗ്‌ധ സമിതി രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. വിദഗ്‌ധ സമിതിയുടെ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട് ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. സമുച്ചയത്തിന്റെ നിർമാണത്തിൽ വൻ അഴിമതി നടന്നെന്നാണ് വ്യാപകമായി ആരോപണം ഉയരുന്നത്.
Most Read: ഇന്ധനവില വർധന; പ്രതിഷേധം രാജ്യവ്യാപകമാക്കാൻ സിപിഎം