ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. നഗരങ്ങളിലും വില്ലേജ്- താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. വില വർധന ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. ക്ഷേമ പദ്ധതികൾക്കും വാക്‌സിനേഷനുമായാണ് ഇന്ധനവില കൂട്ടുന്നത് എന്ന വാദം അസംബന്ധമാണെന്ന് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
നൂറുകോടി വാക്‌സിൻ നൽകിയത് വലിയ കാര്യം തന്നെയാണ്. പക്ഷേ, എത്രയോ മുൻപ് തന്നെ ഈ നൂറുകോടിയിലേക്ക് എത്താമായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്‌ചയാണ് ഉണ്ടായത്. ജനസംഖ്യയുടെ 21 ശതമാനം പേർക്ക് മാത്രമാണ് പൂർണമായും വാക്‌സിൻ നൽകാനായത്. ഒരു ദിവസം വെറും 40 ലക്ഷം ഡോസ് മാത്രമാണ് നൽകുന്നത്. വാക്‌സിനേഷൻ വർധിപ്പിക്കണം. അതിന് വിലവർധനയല്ല മാർഗമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, കാർഷിക സമരങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം അറിയിച്ചു. സാധ്യമായ രീതിയിലെല്ലാം ഐക്യദാർഢ്യപ്പെടും. നവംബർ 26ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും. പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കലിനെതിരെ നടക്കുന്ന സമരങ്ങൾക്കും സിപിഎം പിന്തുണ അറിയിച്ചു.
Also Read: കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെയ്‌ക്ക് എതിരെ വിജിലന്‍സ് അന്വേഷണം