വെസ്റ്റ് ബംഗാള്‍: ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന് സമൂഹ മാദ്ധ്യമങ്ങളില്‍ വധഭീഷണി. ഇവര്‍ ദുര്‍ഗാദേവിയായി വേഷമിട്ട ഫോട്ടോ പുറത്തു വന്നതിന് പിന്നാലെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. എംപിയുടെ ഓഫീസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഷൂട്ടിംഗിനായി ലണ്ടനിലുള്ള ജഹാന് വധഭീഷണിക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തോട് അധിക സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ജഹാന് ബംഗാള്‍ സര്‍ക്കാരിനോടും ആഭ്യന്തര യാത്രയുമായി ബന്ധപ്പെട്ട് അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നുസ്രത് ജഹാന്റെ സുരക്ഷ ലണ്ടനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം ഏകോപിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പശ്ചിമ ബംഗാളിലെ ഉത്സവ സീസണിന് തുടക്കം കുറിക്കുന്ന മഹാലയയുടെ ഭാഗമായിട്ടായിരുന്നു ജഹാന് ദുര്‍ഗാദേവിയായി വേഷമണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാല്‍ ദുര്‍ഗാദേവിയായി കയ്യില്‍ ത്രിശൂലുമായി പോസ് ചെയ്തു കൊണ്ടുള്ള ഫോട്ടോക്ക് നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. ഫോട്ടോക്ക് പിന്നാലെ ഫോട്ടോഷൂട്ട് വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.
മുസ്ലിം ആയ ജഹാന് ഹിന്ദു ദേവതയായി വേഷമിട്ടതാണ് വര്‍ഗീയവാദികളെ ചൊടിപ്പിച്ചത്. നിരവധി പേരാണ് ഫോട്ടോയെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് വധ ഭീഷണിയും.
നിലവില്‍ ലണ്ടനിലുള്ള ജഹാന് ഇതുവരെയും നേരിട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. മതേതര കാഴ്ചപ്പാടുകള്‍ക്കു വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് ജഹാനെന്നും ഇത്തരം ഭീഷണികളാല്‍ അവരെ പിന്തിരിപ്പിക്കാനാകില്ലെന്നും ജഹാനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ബിസിനസുകാരനായ നിഖില്‍ ജെയിനാണ് നുസ്രത് ജഹാന്റെ ഭര്‍ത്താവ്.