നിതാ അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാൻ നീക്കം; പ്രതിഷേധവുമായി ബനാറസ് സർവകലാശാലാ വിദ്യാർഥികൾ

By Desk Reporter, Malabar News
Nita-Ambani

ലഖ്‌നൗ: മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ നിതാ അംബാനിയെ പ്രശസ്‌തമായ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. നീക്കത്തിനെതിരെ സർവകലാശാല വൈസ് ചാൻസലർ രാകേഷ് ഭട്നഗറിന്റെ വസതിക്ക് പുറത്ത് 40ഓളം വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബനാറസ് സർവകലാശാലയുടെ സെന്റർ ഫോർ വിമൻസ് സ്‌റ്റഡീസ് ആന്റ് ഡവലപ്‌മെന്റിൽ നിതാ അംബാനിയെ വിസിറ്റിംഗ് പ്രൊഫസറാക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌ത്രീ ശാക്‌തീകരണത്തിന് വേണ്ടി ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡീന്‍ കൗശല്‍ കിഷോര്‍ പ്രതികരിച്ചു.

നിത അംബാനിക്കോ റിലയൻസിനോ ഈ നിർദേശവുമായി യാതൊരു ബന്ധവുമില്ലെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. നിതാ അംബാനിയുടെ അറിവില്ലാതെയാണ് ഈ നിർദേശം മുന്നോട്ട് വച്ചതെന്ന് പ്രതിഷേധിച്ച വിദ്യാർഥികളുമായി സംസാരിച്ച പ്രൊഫസർ വ്യക്‌തമാക്കി.

എന്നാല്‍, ഈ തീരുമാനത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികൾ ആരോപിക്കുന്നു. കോടീശ്വരന്റെ ഭാര്യ എന്നത് നേട്ടമല്ലെന്നും ഇത്തരക്കാരെ തങ്ങള്‍ ഐക്കണുകളായി പരിഗണിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സ്‌ത്രീ ശാക്‌തീകരണമാണ് വിഷയമെങ്കില്‍ സർവകലാശാല പരിഗണിക്കേണ്ടത് അരുണിമ സിന്‍ഹ, ബചേന്ദ്രി പാല്‍, മേരി കോം തുടങ്ങിയവരെയാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നിതാ അംബാനി വിസിറ്റിങ് പ്രൊഫസറായി എത്തുമെന്നത് വ്യാജ വർത്തയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വക്‌താവ്‌ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. “ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറായി നിതാ അംബാനി ഉണ്ടെന്ന റിപ്പോർട്ടുകൾ വ്യാജമാണ്. അവർക്ക് ക്ഷണം ലഭിച്ചിട്ടില്ല,”- അദ്ദേഹം പറഞ്ഞു.

Also Read:  ‘ഇത്രയും കൃത്യം കണക്കുണ്ടെങ്കിൽ കള്ളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും’; കടകംപള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE