‘ബിഹാര്‍ ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി

By Staff Reporter, Malabar News
Sitaram Yechuri
Ajwa Travels

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പിന് മുന്‍പേ എല്ലാവരും എഴുതി തളളിയ ഇടതുകക്ഷികള്‍ ബിഹാറില്‍ മികച്ച നേട്ടം കൈവരിച്ചതോടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് ഇടതുപാര്‍ട്ടികളും ചേര്‍ന്ന് മല്‍സരിച്ച 29 സീറ്റുകളില്‍ പതിനാറും സ്വന്തമാക്കി ചരിത്രവിജയം നേടിയതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രസ്‌താവന. ഒരുപക്ഷേ ബിഹാറില്‍ കൂടുതല്‍ സീറ്റുകള്‍ മൽസരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിലും മെച്ചപ്പെട്ട വിജയം കരസ്‌ഥമാക്കാന്‍ കഴിഞ്ഞേനെയെന്നും യെച്ചൂരി പറഞ്ഞു.

‘തുടക്കം മുതല്‍ ഞങ്ങള്‍ വ്യക്‌തമാക്കിയതാണ് ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന്. ബിഹാറില്‍ ഞങ്ങളുടെ വിജയ ശതമാനം വളരെ കൂടുതലാണ്. കൂടുതല്‍ സീറ്റുകള്‍ മല്‍സരിച്ചിരുന്നു എങ്കില്‍ ഇതിലും മികച്ച പ്രകടനം നടത്തി മഹാസഖ്യത്തിന് മുതല്‍ക്കൂട്ടായേനെ. സാമൂഹ്യ നീതി, സാമ്പത്തിക നീതി എന്നിവ കൂടിച്ചേര്‍ന്നതാണ് ബിഹാറിലെ മുഖ്യവിഷയം. അത് മറികടക്കാനാണ് കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്ള മഹാസഖ്യത്തിന് കീഴില്‍ അണിനിരന്നത്, ഇവിടെ എല്ലാവരും പരസ്‌പര പൂരകങ്ങളാണ്’ യെച്ചൂരി പറഞ്ഞു.

ബിഹാറില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റ് അനുവദിച്ച തേജസ്വി യാദവിനെതിരെ പാര്‍ട്ടിയില്‍ നിന്നും മറ്റ് കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.

എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനിന്ന തേജസ്വിയുടെ നിലപാട് ശരിവെക്കുന്നതാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലം. സിപിഐഎംഎല്‍ 19 സീറ്റുകളിലും, സിപിഐ 6 സീറ്റിലും, സിപിഎം നാല് സീറ്റിലുമാണ് മല്‍സരിച്ചത്.

ബിഹാറിലെ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് അവിടുത്തെ ജനതക്ക് ജാതി, സ്വത്വ വാദങ്ങളോടുള്ള എതിര്‍പ്പ് കൂടി വരുന്നതിന്റെ സൂചനയാണെന്ന് അഭിപ്രായം ഉയരുന്നുണ്ട്. കനയ്യ കുമാറിനെ പോലെയുള്ള യുവ നേതാക്കളുടെ ഇടപെടലുകളും, മികച്ച നേതൃത്വവും ഇടതുപക്ഷത്തിന് ബിഹാറിലെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഗുണകരമാവുമെന്ന് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നു.

Read Also: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണം; നഗര പ്രദേശങ്ങള്‍ക്ക് പുറത്തുള്ളവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE