കണ്ണൂർ: ആറളം ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ ആറളം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ പോലീസ് പരിശോധന നടത്തി. ഇതിന് മുൻപ് ഇവിടെ നിന്ന് ബോംബ് കണ്ടെത്തിയിട്ടില്ലെന്നും ആളില്ലാത്ത പ്രദേശമായതിനാൽ സ്‌കൂളിൽ ബോംബ് ഒളിപ്പിച്ചു വെച്ചതാകാമെന്നാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. 2020 ലെ കണ്ണൂർ, കോഴിക്കോട് എഡിഷൻ പത്രങ്ങളാണ് ബോംബുകൾ പൊതിയാനായി ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണത്തിനിടെയാണ് ഒളിപ്പിച്ച നിലയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്‌കൂളിന്റെ ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് ശ്രദ്ധിച്ചത്. രണ്ട് നീല ബക്കറ്റുകളിലാക്കി ഉമിക്കരിക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്.
പിന്നീട് പന്തികേട് തോന്നിയ അധ്യാപകൻ ഉടൻ തന്നെ ആറളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡും പോലീസും സ്‌ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. ആർസെനിക് സൾഫൈഡും കുപ്പിച്ചില്ലും ആണിയും ചേർത്താണ് ബോംബുകൾ നിർമിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അതേസമയം, സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ബോംബ് കണ്ടെത്തിയതിൽ സ്‌കൂൾ അധികൃതർക്കിടയിൽ ആശങ്കക്കിടയാക്കി.
Most Read: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി