തിരുവനന്തപുരം: പോളിങ് ദിവസമായ ഏപ്രിൽ 6ന് ചെക്‌പോസ്‌റ്റുകൾ അടഞ്ഞുകിടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇരട്ട വോട്ടുള്ളവർ തമിഴ്‌നാട്ടിൽ നിന്ന് എത്തുമെന്ന ഹരജിയിലാണ് കമ്മീഷൻ നിലപാട് അറിയിച്ചിരിക്കുന്നത്.
അരൂർ മണ്ഡലത്തിലെ 39 പോളിങ് ബൂത്തുകളിൽ വീഡിയോ- വെബ് കാസ്‌റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടാൻ പാടില്ലെന്ന് കമ്മീഷൻ ഓർമിപ്പിച്ചു. അരൂരിലെ പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്‌റ്റിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഷാനിമോൾ ഉസ്‌മാന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടിയ ചില ബൂത്തുകളും ഉൾപ്പെടുന്നുവെന്ന് കമ്മീഷൻ വ്യക്‌തമാക്കി.
39 ബൂത്തുകളിൽ ആറായിരത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന ഷാനിമോൾ ഉസ്‌മാന്റെ ഹരജി ഉൾപ്പടെയുള്ള യുഡിഎഫ് സ്‌ഥാനാർഥികളുടെ എല്ലാ പരാതികളും കോടതി തീർപ്പാക്കി. തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി കടന്ന് ദേവികുളം, പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങളിലെ ബൂത്തുകളിലെത്തി വോട്ട് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, ചെക്‌പോസ്‌റ്റുകളിൽ ശക്‌തമായ വാഹന പരിശോധന ഏർപ്പെടുത്തണമെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്‌ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ആരാഞ്ഞു. ഇക്കാര്യത്തിൽ വ്യക്‌തമായ മാനദണ്ഡങ്ങൾ കമ്മീഷൻ തന്നെ മുൻപ് സ്വീകരിച്ചിട്ടുണ്ടെന്നും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് സെക്രട്ടറി തലത്തിൽ വിഷയം ചർച്ച ചെയ്‌തിരുന്നു എന്നും അധികൃതർ കോടതിയെ അറിയിച്ചു. അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരത്തിൽ ആളുകൾ ചെക്‌പോസ്‌റ്റ് കടന്ന് കള്ളവോട്ട് ചെയ്യാനുള്ള സാഹചര്യമില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി