നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

By Desk Reporter, Malabar News
Representational Image

തിരുവനന്തപുരം: ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സംസ്‌ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും. ഞായറാഴ്‌ചയാണ് ഇത്തരത്തിൽ പോലീസിനെ വിന്യസിക്കുക.

സംസ്‌ഥാനത്തെ 481 പോലീസ് സ്‌റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. 24,788 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ അടക്കം 59,292 പോലീസ് ഉദ്യോഗസ്‌ഥരാണ് തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നത്. ഇവരില്‍ 4405 സബ് ഇൻസ്‌പെ‌ക്‌ടർമാരും 784 ഇൻസ്‌പെ‌ക്‌ടർമാരും 258 ഡിവൈഎസ്‌പിമാരും ഉണ്ടാകും. സിവില്‍ പോലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും സുരക്ഷക്ക് ഉണ്ടാകും.

ലോക്കല്‍ പോലീസിന് പുറമേ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ പോലീസ്, ബറ്റാലിയനുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥരേയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വനം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മോട്ടോര്‍ വാഹനം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരേയും നിയോഗിച്ചിട്ടുണ്ട്.

സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍ നിന്നുള്ള 140 കമ്പനി സേനയും സുരക്ഷക്കായി സംസ്‌ഥാനത്ത് ഉണ്ട്. അക്രമാസക്‌തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്ര സേനാംഗങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് തോക്കുകള്‍ ഉൾപ്പടെയുള്ള ആയുധങ്ങൾ നല്‍കിയിട്ടുണ്ട്.

ഇത് ആദ്യമായാണ് ഇത്രയധികം കേന്ദ്രസേനാ വിഭാഗങ്ങളെ തിരഞ്ഞെടുപ്പിന് വിന്യസിക്കപ്പെടുന്നത് . പോളിംഗ് ബൂത്തുകള്‍ സ്‌ഥിതി ചെയ്യുന്ന 13,830 സ്‌ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകള്‍ ഉണ്ടായിരിക്കും. എട്ടോ പത്തോ സ്‌ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകള്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ ഒരു ടീമിന് ചുറ്റിവരാന്‍ കഴിയുന്ന രീതിയിലാണ് ഇവരെ ക്രമീകരിക്കുക.

ഓരോ ടീമിലും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും. കൂടാതെ ഓരോ പോലീസ് സ്‌റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ലോ ആന്റ് ഓര്‍ഡര്‍ പട്രോള്‍ ടീം, ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഓരോ ഇലക്ഷന്‍ സബ്ബ് ഡിവിഷനിലും പ്രത്യേക പട്രോള്‍ ടീം എന്നിവയും ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്.

നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും തണ്ടര്‍ ബോള്‍ട്ടും 24 മണിക്കൂറും നിതാന്ത ജാഗ്രത പുലര്‍ത്തും. ഈ പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ക്കും പോളിംഗ് ബൂത്തുകള്‍ക്കും പ്രത്യേക സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാനായി സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ 95 കമ്പനി പോലീസ് സേനയും ഉണ്ടായിരിക്കും. അതിര്‍ത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയുന്നതിനായി 152 സ്‌ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിംഗ് ഡ്യൂട്ടിക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

പോളിംഗ് ദിവസം ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും വോട്ടര്‍മാരെ തടയുന്നതും കണ്ടെത്താന്‍ ഡ്രോണ്‍ സംവിധാനം വിനിയോഗിക്കും. ഡ്രോണ്‍ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ഉടന്‍ തന്നെ പോലീസ് പട്രോളിംഗ് പാര്‍ട്ടിക്ക് കൈമാറുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യും.

ഇരുചക്രവാഹനത്തിൽ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പോലീസ് വിന്യാസവും സുരക്ഷാ നടപടികളും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് ആസ്‌ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു.

Also Read:  ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മൗനം പാലിക്കുന്നു; യുഎസിനെതിരെ രാഹുൽ ഗാന്ധി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE