കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ മൗനം വെടിയാനുറച്ച് മുഖ്യമന്ത്രി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രത്യേക പ്രസ്‌താവന നടത്തും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നാളെയാണ് സഭയിൽ പ്രത്യേക പ്രസ്‌താവന നടത്തുക. തീപിടിത്തത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം, തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്‌തത്തിലെ ഡയോക്‌സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ ഉന്നതതലയോഗം വിളിക്കണമെന്നും നിലവിലെ ശ്വാസകോശ പരിശോധന കൊണ്ട് മാത്രം കാര്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നുവെന്നും കത്തിൽ സതീശൻ പറയുന്നു.
ലോകാരോഗ്യ സംഘടനയെ സ്‌ഥലം പരിശോധിക്കാൻ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തീ അണയ്‌ക്കുന്നതിനായി ഇത്രയും ദിവസം പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വിഭാഗത്തെയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Most Read: ഭോപ്പാൽ വാതക ദുരന്തം; അധിക നഷ്‌ടപരിഹാരം വേണമെന്ന കേന്ദ്രത്തിന്റെ ഹരജി തള്ളി