ബജറ്റ് രാഷ്‌ട്രീയ പ്രസംഗമായി; കണക്കുകളിൽ അവ്യക്‌തതയെന്നും പ്രതിപക്ഷ നേതാവ്

By Staff Reporter, Malabar News
vd satheesan
വിഡി സതീശന്‍
Ajwa Travels

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റിൽ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്‌ട്രീയ പ്രസംഗം നടത്തി ബജറ്റിന്റെ പവിത്രതയെ തന്നെ തകർക്കുന്ന തരത്തിലായിരുന്നു ധനമന്ത്രിയുടെ അവതരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്‌തതയുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

‘ബജറ്റിന്റെ ആദ്യഭാഗം ശരിയായ രാഷ്‌ട്രീയ പ്രസംഗമാണ്. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേ. കുടിശിക കൊടുത്തു തീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജാകും.’ പ്രതിപക്ഷ നേതാവ് ചോദിച്ചു.

ബജറ്റിലെ എസ്‌റ്റിമേറ്റ് തന്നെ അടിസ്‌ഥാനം ഇല്ലാത്തതാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കരാര്‍ കുടിശികയും പെന്‍ഷന്‍ കുടിശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പറഞ്ഞു. കൂടാതെ 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

അതേസമയം, കോവിഡ് മഹാമാരിമൂലം ഉണ്ടായ ആരോഗ്യ അടിയന്തരാവസ്‌ഥ സംസ്‌ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. നിലവിലെ സാഹചര്യം ‘ആരോഗ്യം ഒന്നാമത്’ എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതിന്റെ ഭാഗമായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടാൻ 2,800 കോടി അനുവദിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ സജ്‌ജീകരിക്കും. ആകെ 636.5 കോടി രൂപ ചിലവ് വരുമെന്നും ധനമന്ത്രി പറഞ്ഞു. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളേജിലും പ്രത്യേക ബ്ളോക്ക് ആരംഭിക്കും. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ അനുവദിച്ചു.

കോവിഡിന്റെ പശ്‌ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി.

കൂടാതെ ഇത്തവണത്തെ ബജറ്റിൽ കാർഷിക മേഖലക്കും പ്രത്യേക പരിഗണന നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങളുണ്ടായി. ഇതിന്റെ അടിസ്‌ഥാനത്തിൽ നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടി രൂപയുടെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.

മാത്രവുമല്ല പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്‌ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്‌പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കും.

Read Also: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE