കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് നൽകി ജയിപ്പിക്കാനുള്ള ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും വൈസ് ചാന്‍സലർ എംകെ ജയരാജ് അറിയിച്ചു.
മാർക്ക് ദാനം ചെയ്യാനുള്ള ഉത്തരവിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്. 2014 ബാച്ചിലെ ഇരുന്നൂറോളം ബിടെക് വിദ്യാർഥികൾക്ക് 20 മാർക്ക് വരെ അധികം നല്‍കി ജയപ്പിക്കാനായിരുന്നു വൈസ് ചാന്‍സലറുടെ ഉത്തരവ്. തുടർന്ന് ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റ് ഫോറം ഗവർണർക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.
കേരളത്തിലെ മറ്റു സർവകലാശാലകൾ ഒരു വിഷയത്തിന് തോറ്റവർക്ക് പോലും സ്‌പെഷ്യൽ സപ്ളിമെന്ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് സർവകലാശാലയില്‍ തോറ്റ വിദ്യാർഥികളെ മാർക്ക് നൽകി ജയിപ്പിക്കാന്‍ ശ്രമിച്ചത്. നേരത്തെ എംജി സർവകലാശാലയിലും സമാന വിവാദം ഉണ്ടായിരുന്നു. തുടർന്ന് ഗവർണർ ഇടപെട്ടാണ് ഉത്തരവ് റദ്ദ് ചെയ്‌തത്.
Read also: ആറളം വന്യജീവി സങ്കേതത്തിന് അടുത്ത് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി