ന്യൂഡെല്‍ഹി: പാക്കിസ്‌ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിം വിഭാഗക്കാര്‍ പങ്കെടുത്തില്ലെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കി രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക മുസ്‌ലിം സൈന്യഗണം പ്രവര്‍ത്തിക്കുന്നു എന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ വിമുക്‌തഭടന്‍മാര്‍ രാഷ്‍ട്രപതിക്ക് പരാതി സമര്‍പ്പിച്ചിരുന്നു. നടപടികള്‍ ആരംഭിക്കുന്നതിനായി രാഷ്‍ട്രപതി ഭവന്‍ പരാതി പ്രതിരോധ വകുപ്പിന് കൈമാറി. നടപടികളെക്കുറിച്ച് പരാതിക്കാരെ ധരിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1965 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആര്‍മിയിലെ മുസ്‌ലിം റെജിമെന്റിനെ പിരിച്ചുവിട്ടുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുസ്‌ലിം ജവാൻമാരുടെ നിര്‍വ്യാജവും നിസ്വാര്‍ഥവുമായ സേവനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇത്തരമൊരു സംഭവമേ യുദ്ധകാലത്ത് നടന്നിട്ടില്ലെന്ന് പരാതിക്കാര്‍ കത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഇന്ത്യന്‍ സേനയില്‍ മുസ്‌ലിങ്ങള്‍ക്കായി പ്രത്യേക റെജിമെന്റുകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ മുസ്‌ലിം സൈനികരുടെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Read also: സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; മോദിക്ക് കത്തയച്ച് അന്താരാഷ്ട്ര മാദ്ധ്യമ സംഘടനകള്‍