കണ്ണൂർ: സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. നമ്പർപ്ളേറ്റ് മാറ്റിയ നിലയിൽ പരിയാരം മെഡിക്കൽ കോളേജിന് എതിർവശത്തെ കുന്നിൻ മുകളിലെ കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കാർ കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപ് അഴീക്കൽ പോർട്ടിന് സമീപം ഈ കാർ കണ്ടെത്തിയിരുന്നു. പിന്നീട് ഇതിനെ കാണാതായി. ഇതേ കാർ തന്നെയാണ് ഇന്ന് പരിയാരത്ത് നിന്ന് കണ്ടെത്തിയത്. ആരും പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പർപ്ളേറ്റ് മാറ്റിയതെന്നാണ് നിഗമനം.
വിവരം ലഭിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് പോലീസെത്തി കാർ കസ്‌റ്റഡിയിൽ എടുക്കുകയും പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തു. ഡിവൈഎഫ്ഐ നേതാവായിരുന്ന സി സജേഷിന്റേതാണ് കാർ. ഈ കാറാണ് അർജുൻ ആയങ്കി ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന് നേരത്തെ വ്യക്‌തമായിരുന്നു.
സജേഷ് കാറ് വാങ്ങിയ അന്ന് മുതൽ അത് ഉപയോഗിച്ചിരുന്നത് അർജുനാണ് എന്നാണ് റിപ്പോർട്ടുകൾ. തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയതെന്ന് ചൂണ്ടിക്കാട്ടി സജേഷ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആരോപണങ്ങളെ തുടർന്ന് സജേഷിനെ ഡിവൈഎഫ്‌ഐയിൽ നിന്ന് പുറത്താക്കിയിരുന്നു.
Read also: വിജിതയുടെ മരണം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു