കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൂടാതെ ഹരജിയിൽ കസ്‌റ്റംസ് ഇന്ന് കോടതിയിൽ നിലപാട് വ്യക്‌തമാക്കുകയും ചെയ്യും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി 2 തവണ ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്.
കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചുവെന്നും, കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും അർജുൻ ആയങ്കി ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ തനിക്കെതിരെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നും അർജുൻ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്തെ വിവിധ വിമാനത്താളങ്ങൾ വഴി നടത്തിയ നിരവധി സ്വർണക്കടത്തിൽ അർജുന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്‌റ്റംസ് ആവശ്യപ്പെടുന്നുണ്ട്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 28ആം തീയതിയാണ് കസ്‌റ്റംസ് അർജുനെ അറസ്‌റ്റ് ചെയ്‌തത്.
Read also: ഇന്ന് പരക്കെ മഴ; 50 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യത