പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവും അരിവാൾ രോഗബാധിതയായ അമ്മയും മരിച്ച സംഭവത്തിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിക്ക് എതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഷോളയൂർ ചാവടിയൂരിൽ ബാലകൃഷ്‌ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് കഴിഞ്ഞ ആഴ്‌ച മരിച്ചത്. രോഗത്തിന്റെ തീവ്രത കൃത്യസമയത്ത് അറിയിക്കാതെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ആശുപത്രി കയ്യൊഴിഞ്ഞുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
അമ്മയും കുഞ്ഞും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. മികച്ച ചികിൽസാ സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ ഇരുവരും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മരിച്ച തുളസിയുടെ ഭർത്താവ് ബാലകൃഷ്‌ണൻ പറയുന്നു. തുളസിക്ക് അരിവാൾ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സാരമില്ലെന്ന് പറഞ്ഞ് കോട്ടത്തറ ട്രൈബൽ ആശുപത്രി കയ്യൊഴിയുകയായിരുന്നെന്നും ബാലകൃഷ്‌ണൻ പറയുന്നു. കോട്ടത്തറയിലെ ഡോക്‌ടർമാരെ വിശ്വസിച്ചതുകൊണ്ട് മാത്രമാണ് മരണം സംഭവിച്ചതെന്നാണ് ബാലകൃഷ്‌ണന്റെ അമ്മ മാരി പറയുന്നത്.
ആശുപത്രി അധികൃതർ നേരത്തെ വിവരം അറിയിച്ചിരുന്നെങ്കിൽ എങ്ങനെയെങ്കിലും ജീവൻ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുമായിരുന്നുവെന്നും അവർ പറഞ്ഞു. അരിവാൾ രോഗബാധ ഉണ്ടെന്നറിഞ്ഞിട്ടും ഓരോ തവണയും തുളസിയുമായി കോട്ടത്തറയിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴും യാതൊരു പ്രതിസന്ധിയും ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ, ഗുരുതരാവസ്‌ഥയിൽ എത്തിയപ്പോൾ ആശുപത്രി കയ്യൊഴിഞ്ഞുവെന്നും മാരി പറഞ്ഞു.
Most Read: ശബരിമല വരുമാനത്തിൽ വർധന; 14 കോടിയായി ഉയർന്നു