കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ചെറിയ മാങ്ങാട് സ്വദേശി വികസിനെതിരെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (1) ശിക്ഷ വിധിച്ചത്. 2018 മാർച്ച് 13ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കൊയിലാണ്ടി ബീച്ചിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. വികാസിന്റെ അയൽവാസി കൂടിയായ പ്രമോദ് ആണ് കൊല്ലപ്പെട്ടത്. ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് പ്രമോദുമായി നേരത്തേയും വഴക്കുണ്ടാക്കിയിട്ടുണ്ട്. സംഭവദിവസം ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ ചോദിച്ചതിന് മറുപടി നൽകിയില്ലെന്ന് പറഞ്ഞ് വികാസ് പ്രമോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ചവരെയും വികാസ് ഭീഷണി പെടുത്തി ഓടിക്കുകയാണ് ചെയ്‌തത്.
പിന്നീട് പോലീസ് എത്തി പ്രമോദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രമോദ് മരിച്ചത്. കേസിൽ 32 സാക്ഷികളെയാണ് വിസ്‌തരിച്ചത്. പിഴത്തുക പ്രമോദിന്റെ കുടുംബത്തിന് നൽകണം. പ്രമോദിന്റെ ഭാര്യയും മക്കളും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Most Read: ‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’