ഉത്തര്‍പ്രദേശ്: ഹത്രസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.
കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യദാര്‍ഡ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശ് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്ഐആര്‍ വീണ്ടും രജിസ്‌റ്റര്‍ ചെയ്‌താണ് സിബിഐ അന്വേഷണത്തിന് തുടക്കം കുറിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം ഹത്രസിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മലയാളി മാദ്ധ്യമപ്രവര്‍ത്തകനെ കസ്‌റ്റഡിയിലെടുത്ത സംഭവത്തില്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും. ഇ ഡി മാദ്ധ്യമപ്രവര്‍ത്തകനെ നാളെ ചോദ്യം ചെയ്യുന്നുണ്ട്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
കൂടാതെ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മത പ്രകാരമല്ലാതെ ദഹിപ്പിച്ച കേസ് അലഹാബാദ് കോടതി നാളെ പരിഗണിക്കും. പെണ്‍കുട്ടിയെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച പൊലീസിന്റെ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് മൂന്ന് ദിവസം വീട്ടില്‍ തങ്ങിയ ഡോ രാജ്കുമാരി ബന്‍സാലിന് എതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടത് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ കുടുംബത്തിനായി ഇവരായിരുന്നു സംസാരിച്ചിരുന്നത്. ഇവര്‍ക്ക് നക്‌സല്‍ ബന്ധമുണ്ടെന്നാണ് പ്രധാന ആരോപണം.
കഴിഞ്ഞ മാസം പതിനാലാം തിയതിയായിരുന്നു പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. പിന്നീട് ഡെല്‍ഹിയിലെ സഫദര്‍ജംഗ് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ ശാസ്‌ത്രീയ അന്വേഷണം അടക്കം സിബിഐ വീണ്ടും നടത്തുമെന്നാണ് അറിയുന്നത്.
Read Also: ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍