ന്യൂഡെൽഹി : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനക്ക് പകരം കൂടുതൽ ആളുകളും ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്‌ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടിപിസിആർ പരിശോധന ഒരു ഘട്ടത്തിലും 53 ശതമാനം കടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അശോക് ഭൂഷൺ വ്യക്‌തമാക്കി.
കൂടാതെ കഴിഞ്ഞ 2 ആഴ്‌ചകളിലായി ആർടിപിസിആർ പരിശോധന 45 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആകെ പരിശോധനയിൽ 70 ശതമാനം എങ്കിലും ആർടിപിസിആർ പരിശോധന വേണമെന്നു കേന്ദ്രം നിർദേശിക്കുമ്പോഴാണു കേരളത്തിന്റെ ഈ മെല്ലെപ്പോക്ക്. കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആർടിപിസിആർ കുറഞ്ഞതായി കേന്ദ്രം വിലയിരുത്തി.
അതേസമയം തന്നെ പഞ്ചാബ്, ഹരിയാന, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ ആർടിപിസിആർ ആണ് കൂടുതൽ. കേരളത്തിലെ കോവിഡ് സ്‌ഥിരീകരണ നിരക്ക് ഒരു ഘട്ടത്തിൽ 8.10 ശതമാനം ആയിരുന്നത് പിന്നീട് കുറഞ്ഞെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണക്ക് ആശങ്കാജനകമാണ്.
Read also : ഇന്ധന വിലവർധനയിൽ പ്രതിഷേധം; വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ