പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ തന്നെ; ചരിത്രം തിരുത്തിയ ലീഡ്

വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ ഇടതുപക്ഷത്തിന്റെ ജെയ്‌ക് സി തോമസിനെ പരാജയപ്പെടുത്തിയത്.

By Trainee Reporter, Malabar News
chandy oommen
Ajwa Travels

കോട്ടയം: പുതുപ്പള്ളിയെ നയിക്കാൻ ചാണ്ടി ഉമ്മൻ തന്നെ. പിതാവിന് പകരക്കാരനാവാൻ മകനല്ലാതെ മറ്റാർക്ക് കഴിയുമെന്ന് വിളിച്ചുപറയുകയാണ് പുതുപ്പള്ളിക്കാർ. 53 വർഷം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ ഭദ്രമായിരുന്ന പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ ഇടതുപക്ഷത്തിന്റെ ജെയ്‌ക് സി തോമസിനെ പരാജയപ്പെടുത്തിയത്.

യുഡിഎഫ്-78098, എൽഡിഎഫ്-41644, എൻഡിഎ- 6447 എന്നിങ്ങനെയാണ് വോട്ട് നില. ഉമ്മൻ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹവും കരുതലും ആത്‌മാർതഥതയും മകനും നൽകിയെന്നതിനുള്ള തെളിവാണ് ചാണ്ടി ഉമ്മന്റെ ഓരോ ലീഡ് നിലയും. 9044 എന്ന ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36,654 ആയി ഉയർത്തി.

തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലും 2021ലേയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്‌ക് തോറ്റിരുന്നു. രണ്ടു തവണ അച്ഛനോട് മൽസരിച്ചു തോറ്റ ശേഷം മകനോടും മൽസരിച്ചു തോറ്റുവെന്ന പ്രത്യേകതയും ഇത്തവണ ജെയ്‌ക്കിന് ഉണ്ടായി.

ഉമ്മൻ ചാണ്ടി മുഖ്യചർച്ചാ വിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്‌ഥാനാർഥിയായി എന്ന അപൂർവതക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. 2021ലെ പൊതുതിരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. ഇക്കുറി അത് 72.86 ശതമാനമായി കുറഞ്ഞെങ്കിലും വിജയപ്രതീക്ഷയിൽ മുന്നണികൾ പിന്നോട്ടായിരുന്നില്ല.

1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18ആണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ഇതോടെയാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. ചരിത്ര വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മൻ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയോട് ചേർന്ന് അന്ത്യവിശ്രമംകൊള്ളുന്ന ഉമ്മൻ ചാണ്ടിയെ കാണാനാണ്.

വിജയം പിതാവിന് സമർപ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞു ചാണ്ടി ഉമ്മൻ മൗനമായി പ്രാർഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ജനങ്ങൾ തിക്കിത്തിരക്കുന്ന അപൂർവ കാഴ്‌ചക്കും പുതുപ്പള്ളി സാക്ഷിയായി.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തോടെ വൻ വിജയത്തിലേക്ക് നീങ്ങുന്ന വേളയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി രംഗത്തെത്തി. ഉമ്മൻ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടുള്ളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചതെന്നും എകെ ആന്റണി പറഞ്ഞു.

Most Read| കേരളത്തിൽ അഞ്ചു ദിവസം കൂടി മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE