കൊല്ലം: വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‍മഹത്യ ആണെന്ന് വ്യക്‌തമാക്കി കൊല്ലം റൂറൽ എസ്‌പി കെബി രവി. കേസിലെ കുറ്റപത്രം ശാസ്‌താംകോട്ട ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വിസ്‌മയയുടെ മരണം ആത്‍മഹത്യ ആണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും, കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായും അന്വേഷണ ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.
വിസ്‌മയ കേസിൽ 500 പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയത്. 102 സാക്ഷികളും, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൂടാതെ ഡിജിറ്റൽ തെളിവുകൾ തിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്‌ഥൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത് 90 ദിവസം തികയും മുന്നെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
വിസ്‌മയയുടെ ഭർത്താവും, മുൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥനുമായിരുന്ന കിരൺ കുമാർ മാത്രമാണ് കേസിലെ പ്രതി. ആത്‍മഹത്യ പ്രേരണാക്കുറ്റം ഉൾപ്പടെ 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ കേസിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഇപ്പോൾ 90 ദിവസത്തിന് മുൻപ് തന്നെ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ കേസിലെ വിചാരണ കഴിയും വരെ കിരൺ കുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത ഇല്ലാതാകും.
വിസ്‍മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. കൂടാതെ വിസ്‍മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിസ്‌മയയുടെ മൃതശരീരം പോസ്‌റ്റുമോർട്ടം ചെയ്‌ത ഡോക്‌ടർമാര്‍, ഫോറന്‍സിക് വിദഗ്‌ധർ, വിസ്‍മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക.
Read also: ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിൽ സ്‌ഫോടനം; ഒരു മരണം