തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ മഞ്ഞുരുകുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു.
15ആം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിച്ചു 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവർണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പുതുവർഷത്തിലെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്.
നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായാണ് ഏഴാം സമ്മേളനം കഴിഞ്ഞ വിവരം ഔദ്യോഗികമായി ഗവർണറെ അറിയിക്കാതിരുന്നത്. ഗവർണറുമായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി അടുത്ത സമ്മേളനം വിളിച്ചു നയപ്രഖ്യാപന പ്രസംഗം പരമാവധി നീട്ടികൊണ്ടു പോകാനായിരുന്നു സർക്കാർ ആലോചന.
എന്നാൽ, സജി ചെറിയാൻ വിഷയത്തിൽ ഗവർണർ സർക്കാരിന് അനുകൂലമായ നിലപാട് എടുത്തതോടെയാണ് സർക്കാരും വിട്ടു വീഴ്‌ചക്ക് തയ്യാറായത്. ഈ മാസം തന്നെ സമ്മേളനം വിളിക്കാനാണ് ആലോചന. ഇതിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓൺലൈനായി ചേരും. സഭാ സമ്മേളനം അവസാനിപ്പിച്ചതായികാട്ടി വിജ്‌ഞാപനം ഇറക്കും.
സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് തടയാൻ ഗവർണർ ശക്‌തമായി ശ്രമിക്കും എന്നാണ് പൊതുവെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, മന്ത്രിമാരെ നിയമിക്കുന്നതിൽ പൂർണ അധികാരം മുഖ്യമന്ത്രിക്കാണെന്ന നിയമോപദേശം ലഭിച്ചതോടെ തുറന്ന യുദ്ധത്തിൽ നിന്നും ഗവർണർ പിൻമാറി. സജി ചെറിയാനെതിരായ ഹരജികൾ ഇപ്പോഴും കോടതികളിൽ പരിഗണനയിൽ ഉള്ള സാഹചര്യത്തിൽ ഈ തീരുമാനം മൂലം ഉണ്ടാകുന്ന എല്ലാ പ്രത്യാഘാതവും മുഖ്യമന്ത്രിയും സർക്കാരും ഒറ്റക്ക് നേരിടണം എന്ന് വ്യക്‌തമാക്കി ഗവർണർ സത്യപ്രതിജ്‌ഞക്ക് അനുമതി നൽകി.
അതിനിടെ, സജി ചെറിയാൻ മന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. രാജ്ഭവനിൽ വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. അതേസമയം, സജി ചെറിയാന്റെ സത്യപ്രതിജ്‌ഞാ ദിനമായ ഇന്ന് കോൺഗ്രസ് കരിദിനമായി ആചരിക്കുകയാണ്.
Most Read: ഗവർണർമാരെ ആയുധമാക്കി കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുന്നു; കനിമൊഴി