തിരുവനന്തപുരം: എംഎൽഎമാർക്ക് എതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ നിയമസഭയിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. വിഷയത്തെ ചൊല്ലി ഇന്നും സഭ പ്രക്ഷുബ്‌ധമായേക്കും. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകാനും നീക്കം ഉണ്ട്.
ഒരേ സ്‌ഥലത്ത് നടന്ന സംഭവത്തിൽ ഭരണ-പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ചുമത്തിയത് വ്യത്യസ്‌ത വകുപ്പുകളാണ്. ഭരണകക്ഷി എംഎൽഎമാർക്ക് എതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയപ്പോൾ, പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഇതിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ കടുക്കുമെന്ന് ഉറപ്പാണ്.
പോലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ പ്രതിപക്ഷ എംഎൽഎമാർ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെകെ രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് ആരോപണം. അടിയന്തിര പ്രമേയം അടിക്കടി നിരാകരിക്കുന്നതിന് എതിരെയാണ് പ്രതിപക്ഷം സ്‌പീക്കറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. ഇതിനിടെയാണ് പ്രതിഷേധിച്ച യുഡിഎഫ് എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ഭരണപക്ഷ അംഗങ്ങൾ കൂടി എത്തി പ്രതിപക്ഷത്തെ നേരിട്ടതോടെ സഭാ മന്ദിരം അസാധാരണ സംഘർഷത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ടു ഭരണപക്ഷ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് മ്യൂസിയം പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ഭരണപക്ഷ എംഎൽഎമാരായ സച്ചിൻ ദേവ്, എച്ച് സലാം എന്നിവർക്കെതിരെയാണ് കേസ്.
വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ റോജി എം ജോൺ, ഉമ തോമസ്, കെകെ രമ, പികെ ബഷീർ, അൻവർ സാദത്ത്, ഐസി ബാലകൃഷ്‌ണൻ, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സ്‍പീക്കറുടെ റൂളിംഗ് ഇന്ന് ഉണ്ടാകും എന്നാണ് സൂചന.
Most Read: മെഡിക്കൽ പണിമുടക്ക്; സംസ്‌ഥാനത്ത് ഇന്ന് ആശുപത്രി പ്രവർത്തനം തടസപ്പെടും