ചണ്ഡിഗഢ്: ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസ്. സംസ്‌ഥാനത്ത് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന തീരുമാനത്തിന്റെ പുറത്താണ് പ്രഖ്യാപനം. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.
പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സികള്‍ വഴിയും നടത്തിയ സര്‍വേകൾ ചന്നിക്ക് അനുകൂലമായതിന് പിന്നാലെയാണ് പ്രഖ്യാപനം.കൂടാതെ മുഖ്യമന്ത്രി സ്‌ഥാനം പങ്കിടേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കി. ഞായറാഴ്‌ച ലുധിയാനയില്‍ വെച്ച് നടക്കുന്ന റാലിയില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ദളിത് വിഭാഗത്തിലുള്ള ചന്നിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ദളിത് വിഭാഗത്തെ കൂടുതല്‍ തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താം എന്നാണ് കോൺഗ്രസിന്റെ നിലപാട്. കര്‍ഷക സമരത്തിന്റെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും, ചന്നിയുടെ സ്‌ഥാനാർഥിത്വം വഴി എഎപിയിലേക്ക് പോവാന്‍ സാധ്യതയുള്ള ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായാൽ തുടര്‍ഭരണം നേടാനാവുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
അതേസമയം, സിദ്ദു ഹൈക്കമാന്റിന് നേരെയും ചന്നിക്ക് നേരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം തല്‍ക്കാലത്തേക്ക് കണക്കിലെടുക്കണ്ട എന്ന നിലപാടിലാണ് നേതൃത്വം. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്‌ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും വോട്ടെണ്ണൽ.
Read also: വിവാഹ മോചനങ്ങള്‍ക്ക് കാരണം ട്രാഫിക് ബ്ളോക്ക്; അമൃത ഫഡ്‌നാവിസ്