ന്യൂഡെൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി. പിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് വീഴ്‌ചയുണ്ടായെന്നും ജില്ലാതലങ്ങളിൽ അഴിച്ചുപണി വേണമെന്നുമുള്ള അഭിപ്രായമാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. ജയസാധ്യത നോക്കുന്നതിന് പകരം ഗ്രൂപ്പ് അടിസ്‌ഥാനത്തിലാണ് സ്‌ഥാനാർഥികളെ നിശ്‌ചയിച്ചതെന്നാണ് ആക്ഷേപം. നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളും തിരിച്ചടിക്ക് ആക്കം കൂട്ടിയെന്ന് വിലയിരുത്തുന്നുണ്ട്.
പിണറായി സർക്കാരിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും നിലനിൽക്കെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിന് എതിരെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ട് പോലും കോൺഗ്രസിന് ജയിക്കാൻ കഴിയാഞ്ഞതിലാണ് നേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയായ താരിഖ് അൻവർ ഹൈക്കമാൻഡിന് പ്രാഥമിക റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇത്തരമൊരു വിലയിരുത്തൽ ഹൈക്കമാൻഡ് നടത്തിയത്.
അനുകൂല സാഹചര്യം നിലനിന്നിട്ടും അത് മുതലാക്കാൻ പിസിസി നേതൃത്വത്തിന് കഴിഞ്ഞില്ല. പിസിസിക്കും ഡിസിസി നേതൃത്വത്തിനും അഴിച്ചുപണി വേണമെന്ന വിലയിരുത്തലും ഹൈക്കമാൻഡിനുണ്ട്. ജയസാധ്യതക്ക് പകരം ഗ്രൂപ്പ് അടിസ്‌ഥാനത്തിലാണ് സ്‌ഥാനാർഥികളെ നിശ്‌ചയിച്ചതെന്നും ഇത് സാധ്യതകളെ ബാധിച്ചുവെന്നാണ് വിലയിരുത്തുന്നത്. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് പാർട്ടിയിൽ ഭിന്നതകൾ ഉണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ പാർട്ടിക്ക് നഷ്‌ടമായി. നേതാക്കൾ തമ്മിലുള്ള അസ്വാരസ്യം സാധ്യതകളെ ബാധിച്ചുവെന്നും ഹൈക്കമാൻഡ് വിലയിരുത്തി.
പല സംസ്‌ഥാനങ്ങളിലും കോൺഗ്രസിന് അധികാരം നഷ്‌ടപ്പെട്ട അവസ്‌ഥയിലാണ്. കേരളവും തമിഴ്‌നാടുമാണ് പ്രതീക്ഷയുള്ള സംസ്‌ഥാനങ്ങൾ. എന്നാൽ നിലവിലെ ഫലം ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തൽ.
Read also: ഇടതുപക്ഷവും കോണ്‍ഗ്രസും വര്‍ഗീയ ദ്രുവീകരണം നടത്തി; എസ് സുരേഷ്