കൊച്ചി: കൊച്ചി കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് ആരംഭിച്ച ഉപരോധ സമരത്തിൽ ഉന്തും തള്ളും. പോലീസുകാരും പ്രവർത്തകരും തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ബ്രഹ്‌മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പോലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ചാണ് ഉപരോധം. രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഉപരോധം നടത്തുന്നത്.
സമര പന്തലിന് മുന്നിലും കോർപറേഷൻ ഓഫീസിന് മുന്നിലുമായി കോൺഗ്രസ് പ്രവർത്തകർ ഇട്ടിരുന്ന കസേര പോലീസ് എടുത്തു മാറ്റാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്. മനഃപൂർവം പ്രശ്‌നം സൃഷ്‌ടിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഒരാളെയും കോർപറേഷന് ഉള്ളിലേക്ക് കടത്തിവിടില്ലെന്നാണ് സമരക്കാരുടെ തീരുമാനം. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉപരോധ സമരം ഉൽഘാടനം ചെയ്യാൻ എത്തും.
അതേസമയം, രാഷ്‌ട്രപതി ദ്രൗപതി മുർമു, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സന്ദർശനം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്‌ഥ ലത്തുണ്ട്. അതിനിടെ, നിയമസഭയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന് നടക്കും. സഭയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു. കെകെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടിവി ഇബ്‌റാഹിം, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്.
എംഎൽഎമാരെ മർദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതികളിൽ സ്‌പീക്കർ എടുക്കുന്ന നടപടിയാണ് ഇന്ന് പ്രധാനം. നടപടി ഉണ്ടായില്ലെങ്കിൽ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല. ചോദ്യോത്തരവേള മുതൽ പ്രശ്‌നം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങാനാണ് സാധ്യത. വിഷയത്തിൽ, ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇന്നും കൊമ്പുകോർക്കാൻ സാധ്യതയുണ്ട്.
Most Read: ‘ബ്രഹ്‌മപുരത്തേക്ക് വിദഗ്‌ധ സംഘം’; കേരളം സഹകരിച്ചില്ലെന്ന് കേന്ദ്രം