കണ്ണൂർ: ജില്ലയിൽ ഇന്ന് മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. താഴെചൊവ്വ മുതൽ വളപട്ടണം പാലം വരെയാണ് നിയന്ത്രണം. രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ ആറുവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസിന്റെ നടപടി. മൾട്ടി ആക്‌സിൽ ലോറികൾ, ടിപ്പറുകൾ, ഗ്യാസ് ടാങ്കറുകൾ, ചരക്ക് ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം. പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കണ്ണപുരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ താവത്ത് നിർത്തിയിടണം.
കൂത്തുപറമ്പ് മമ്പറം വഴി വരുന്ന വാഹനങ്ങൾ മമ്പറത്ത് നിയന്ത്രിക്കുന്നതിന് പിണറായി പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒവിന് കമ്മീഷണർ നിർദ്ദേശം നൽകി. കൂടാതെ തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മുഴപ്പിലങ്ങാട്ട് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് എടക്കാട് എസ്‌എച്ച്‌ഒവിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Most Read: ‘അസമയത്ത്’ കറങ്ങി നടക്കേണ്ട; ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം ചുരുക്കി പോലീസ്