വിവാദ ലോകായുക്‌ത ഭേദഗതി; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ ഇന്ന് പരിശോധിക്കും

By Central Desk, Malabar News
Controversial Kerala Lokayukta Amendment
'ലോകായുക്‌ത' ജസ്‌റ്റിസ്‌ സിറിയക് ജോസഫ്‌, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Ajwa Travels

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയിൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പരിശോധനാ വിധേയമാക്കും. ഭേദഗതി ഭരണഘടനക്ക് വിരുദ്ധമാണോ, രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള സുപ്രധാന കാര്യങ്ങളിലാണ് സർക്കാർ, ഗവർണർക്ക് വിശദീകരണം നൽകിയിരിക്കുന്നത്.

ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം അടുത്ത ദിവസംതന്നെ സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ലക്ഷദ്വീപ് സന്ദര്‍ശന തിരക്കിലായിരുന്ന ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. സർക്കാർ നൽകിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും നിയമ ഭേദഗതിയിൽ (ഓര്‍ഡിനന്‍സ്) ഒപ്പുവെക്കുന്നത് സബന്ധിച്ച് ഗവര്‍ണര്‍ നിലപാടെടുക്കുക. ഗവര്‍ണര്‍ ഒപ്പുവച്ചില്ലങ്കിൽ സർക്കാർ വരുത്തിയ ഭേദഗതി നിയമമാക്കൽ വീണ്ടും കുരുക്കിലാകും.

നിയമ വിദഗ്‌ധരുടെ അഭിപ്രായം പരിശോധിച്ചായിരിക്കും ഗവര്‍ണറുടെ തുടര്‍നടപടികള്‍. ഇദ്ദേഹത്തിന്റെ നിലപാട് സര്‍ക്കാരിന് വിരുദ്ധമായാൽ അതുണ്ടാക്കുന്ന പ്രത്യഘാതം ചെറുതായിരിക്കില്ല. സർക്കാരുമായി നിരന്തര പ്രശ്‌നത്തിൽ തുടരുന്ന ഗവർണറുടെ നിലപാട് ഭേദഗതി അനുകൂലികൾക്ക് ആകാംക്ഷയുടെ മുൾമുനയാണ് സമ്മാനിക്കുന്നത്.

നിലവിലെ ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന വിശദീകരണമാണ്‌ സര്‍ക്കാര്‍ രേഖാമൂലം നല്‍കിയത്. നിയമ ഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമില്ലെന്ന നിലപാടും സര്‍ക്കാര്‍ ഗവര്‍ണർക്ക് നൽകിയ വിശദീകരണത്തിൽ ഉണ്ട്. നിലവിലെ ലോകായുക്‌ത നിയമത്തിലെ, പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനയിലെ 164 അനുഛേദത്തിലേക്ക് കടന്നു കയറുന്നതാണ് ലോകായുക്‌ത നിയമത്തിലെ 14ആം വകുപ്പ് എന്ന വാദവുമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

Controversial Kerala Lokayukta Amendment
‘ലോകായുക്‌ത’ ജസ്‌റ്റിസ്‌ സിറിയക് ജോസഫ് 2019 മാർച്ചിൽ അധികാരമേൽക്കുന്ന ചടങ്ങിൽ നിന്നുള്ള ഫോട്ടോ

എന്താണ് ലോകായുക്‌ത?

കേരളത്തില്‍ 1998 നവംബര്‍ 15ന് നിലവില്‍ വന്ന ലോകായുക്‌ത നിയമ സംവിധാനം ഭരണകൂട അഴിമതി ഇല്ലാതാക്കാന്‍ സംസ്‌ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്‌ഥിതിയാണ്. പൊതുജനങ്ങള്‍ക്കോ സർക്കാർ സംവിധാനങ്ങൾക്കോ ജനപ്രതിനിധികൾക്കോ തെളിവുകൾ സഹിതം ഇവിടെ പരാതി സമർപ്പിക്കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാൽ പരാതിക്കിടയായ സംഭവത്തിന് ഉത്തരവാദികളായ വ്യക്‌തികൾ / സംഘടനകൾ/ സ്‌ഥാപനങ്ങൾ എന്നിവക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യമായ വിധി ലോകായുക്‌ത പുറപ്പെടുവിക്കും. ഈ വിധി/നിർദ്ദേശം സർക്കാർ നടപ്പിലാക്കണം. ഇതാണ് ലോകായുക്‌തയുടെ പ്രവർത്തന രീതി.

Controversial Kerala Lokayukta Amendment
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എന്താണ് ലോകായുക്‌ത നിയമ ഭേദഗതി?

ലോകായുക്‌ത വിധികൾ / നിർദ്ദേശങ്ങൾ സംപൂർണമായി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി. ഭരിക്കുന്ന സർക്കാരിന്റെ ഭാഗമാകുന്ന പൊതുപ്രവര്‍ത്തകര്‍ അധികാര സ്‌ഥാനത്ത്‌ തുടരാൻ യോഗ്യരല്ലെന്ന ലോകായുക്‌ത വിധികൾ പലപ്പോഴും ഭരണകൂടങ്ങളെ പിടിച്ചു കുലുക്കാറുണ്ട്. പലർക്കും സ്‌ഥാനനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് പുതിയ നിയമ ഭേദഗതി സർക്കാർ കൊണ്ടുവരുന്നത് എന്നാണ് പ്രതിപക്ഷത്തുള്ളവർ പറയുന്നത്. പുതിയ ഭേദഗതി ഗവർണർ പാസാക്കിയാൽ, ലോകായുക്‌ത വിധിയില്‍ പ്രതി സ്‌ഥാനത്തുള്ളവർക്ക് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാം.

മറ്റൊരു സുപ്രധാന ഭേദഗതി; ലോകായുക്‌ത ജഡ്‌ജിമാരെ നിയമിക്കുമ്പോൾ പാലിക്കുന്ന യോഗ്യതകളിൽ ഇളവ് ചെയ്യാനുള്ള നിര്‍ദേശമാണ്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ / ജഡ്‌ജി അല്ലെങ്കില്‍ ഹൈകോടതി ചീഫ് ജസ്‌റ്റിസായി വിരമിച്ചവരെയാണ് ലോകായുക്‌തയുടെ ചീഫായി നിയമിക്കുന്നത്. പുതിയ നിയമ ഭേദഗതിയിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ / ജഡ്‌ജി എന്നത് മാറ്റിയിട്ടുണ്ട്.

Controversial Kerala Lokayukta Amendment
ലോകായുക്‌ത നിയമ ഭേദഗതിക്ക് മന്ത്രിസഭായോഗം അനുമതി നൽകുന്നു

കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നല്‍കിയ ‘ലോകായുക്‌ത നിയമ ഭേദഗതി’ നിലവിൽ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിൽ ഇന്നോ നാളെയോ ഗവർണർ പ്രതികരിക്കും എന്നാണ് പ്രതീക്ഷ. എന്നാല്‍, ഓര്‍ഡിനന്‍സ് ഒപ്പുവെക്കപ്പെട്ടാല്‍, ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്‌തയെ ചിറകരിഞ്ഞു കളയുന്നതിന് തുല്യമാണെന്നും ഇതിലും നല്ലത് ഈ സംവിധാനം തന്നെ പിരിച്ചുവിടുന്നതാണ് എന്നുമാണ് പ്രതിപക്ഷം പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെ ലോകായുക്‌തയിൽ കേസുകൾ നിലവിലുണ്ട്. നിലവിൽ ചീഫ് ‘ലോകായുക്‌ത’ ജസ്‌റ്റിസ്‌ സിറിയക് ജോസഫും ഉപ ലോകായുക്‌തമാരായി ജസ്‌റ്റിസ്‌ ബാബു മാത്യു പി ജോസഫ്, ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുമാണ്.

Most Read: വാഹനങ്ങളിലെ തീപിടുത്തം; കാരണങ്ങൾ അറിയാം, തടയാനും മാർഗമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE