തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം അവസാനിക്കുന്നു. കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിൽ രാജിവെക്കുമെന്ന് തദ്ദേശ മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്‌ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഎം അറിയിച്ചു.
പൊതുമരാമത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌ഥാനം രാജിവെക്കാനാണ് തീരുമാനം. മേയർക്കെതിരെ അന്വേഷണം തുടരുമെന്നും എംബി രാജേഷ് വ്യക്‌തമാക്കി. ഇതോടെ കോർപറേഷന് മുന്നിലെ സമരങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുക ആണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം വ്യക്‌തമാക്കി. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.
”യോഗത്തിൽ രണ്ടു കാര്യങ്ങൾ തീരുമാനമായി. ഒന്ന് മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന ആവശ്യമാണ്. നിലവിൽ രണ്ടു കേസുകളുണ്ട്. ഒരു കേസിൽ വിധി വന്നു. രണ്ടാമത്തെ കേസ് കോടതിയുടെ തീർപ്പിന് വിടുകയാണ്. അത് സംബന്ധിച്ച് ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. രണ്ടാമത്തേത് കത്തെഴുതിയത് താൻ ആണെന്ന് പൊതുമരാമത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ സ്‌ഥിരീകരിച്ചിരുന്നു. ആ സാഹചര്യത്തിൽ അദ്ദേഹത്തെ സ്‌ഥാനത്ത് നിന്ന് നീക്കാൻ ധാരണയായിട്ടുണ്ട്”- എംബി രാജേഷ് പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെ എന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്തിനെ ആരും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായാണ് ഡിആർ അനിൽ കത്ത് നൽകിയത്. കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ചതോടെ കത്ത് എഴുതിയതായും പിന്നീട് ആവശ്യമില്ലെന്ന് കണ്ടു നശിപ്പിച്ചതായും അനിൽ മൊഴി നൽകി.
മേയർ ആകട്ടെ തനിക്ക് എഴുതിയതായി പറയപ്പെടുന്ന കത്ത് കണ്ടില്ലെന്നും നിലപാട് എടുത്തു. ഇതിനിടെ, കത്ത് പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികൾ മേയർക്കെതിരെ സമരം തുടങ്ങുകയായിരുന്നു. ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്‌തികകളിലേക്ക് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്‌റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. തുടർന്ന്, കത്തുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് മുന്‍ കൗണ്‍സിലറായ വിഎ ശ്രീകുമാർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
Most Read: ഇപിക്കെതിരായ അന്വേഷണം വിഷയം പഠിച്ച ശേഷം; നടപടി ഇപ്പോൾ ഇല്ല