തിരുവനന്തപുരം: ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയിൽ വർധന. ഒരു സിലിണ്ടറിന് 15 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഇന്ന് 14.2 കിലോഗ്രാം ഉള്ള സിലിണ്ടറിന് 906.50 രൂപയായിട്ടുണ്ട്. കഴിഞ്ഞ മാസം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 25 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ വില വർധന.
അതേസമയം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയിൽ മാറ്റമില്ല. നിലവിൽ 1,728 രൂപയാണ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.
ഇന്ന് ഇന്ധനവിലയിലും വർധന ഉണ്ടായിട്ടുണ്ട്. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 103.25 രൂപയും ഡീസൽ ലിറ്ററിന് 96.53 രൂപയുമായി ഉയർന്നു. രാജ്യത്ത് മിക്കയിടങ്ങളിലും നേരത്തെ തന്നെ പെട്രോൾ വില 100 കടന്നിരുന്നു. ഇപ്പോൾ മധ്യപ്രദേശ്, രാജസ്‌ഥാൻ, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഡീസൽ വിലയും 100 കടന്നിട്ടുണ്ട്.
Read also: കശ്‌മീരിൽ ഭീകരാക്രമണം; മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു