അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 957 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെയാകുന്നത്. കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനൊപ്പം തന്നെ രോഗമുക്‌തരുടെ എണ്ണം ഉയർന്ന് തുടരുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.
2,538 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായത്. കൂടാതെ ഒരാൾ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. യുഎഇയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത് 8,71,315 പേർക്കാണ്. ഇവരിൽ 8,08,824 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്. രോഗമുക്‌തരുടെ എണ്ണം കൂടുന്നതിനാൽ നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നുണ്ട്.
60,202 പേർ മാത്രമാണ് യുഎഇയിൽ നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരെല്ലാം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ആണെന്നും, ഇവർക്ക് മികച്ച ചികിൽസ നൽകുന്നുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് വരാൻ പ്രധാന കാരണമായിട്ടുണ്ട്.
Read also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം