തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി അടച്ചു. ചൊവ്വാഴ്‌ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അഗസ്‌ത്യാർകൂടം സന്ദർശനത്തിനും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവേശനം പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും. ഓൺലൈനിലൂടെ മാത്രമാണ് പാസ് അനുവദിക്കുക. ജില്ലാ കളക്‌ടറുടേതാണ് ഉത്തരവ്.
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരമായിരുന്നു ജില്ലയിലെങ്കിൽ ഇന്നലെ അത് നാലായിരം കടന്നിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി.
Read Also: മമ്മൂട്ടിയ്‌ക്ക് കോവിഡ്; ‘സിബിഐ 5’ ചിത്രീകരണം നിർത്തിവച്ചു